എറണാകുളം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ മികവിൻ്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം യുവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിർവഹിച്ച്സം സാരിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാലകളെല്ലാം മികവിൻ്റെ കേന്ദ്രങ്ങളായി മാറേണ്ടതുണ്ട്. മാറ്റം എല്ലാ മേഖലയിലും പ്രതിഫലിക്കുന്നതായിരിക്കണം. ഇതിനായി പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കണം. നല്ലതിനെ മാത്രം ഉൾക്കൊള്ളുന്ന ഫാക്കൽറ്റികൾ വേണം. ഇതിൽ സർക്കാരിന് ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മാറ്റിയെടുക്കുക എന്നതാണ് പ്രധാനം. അതിനാവശ്യമായ മുഴുവൻ സഹായവും സർക്കാർ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പOനത്തിനായി കാലാനുസൃതമായ കോഴ്സുകൾ രാജ്യത്തെ മറ്റു സ്ഥാപനങ്ങളിൽ വന്നു കഴിഞ്ഞു. നമുക്കും അത്തരം കോഴ്സുകൾ തുടങ്ങാനാകണം.
നിലവിൽ നമ്മുടെ കുട്ടികൾ അത്തരം കോഴ്സുകൾ തേടി അതുള്ള സ്ഥലത്തേക്ക് പോകുകയാണ്. അതിന് മാറ്റമുണ്ടാക്കണം. ആവശ്യമായ പുതിയ കോഴ്സുകളും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളും കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം വിദ്യാർത്ഥികൾ വിദ്യാഭ്യാസം കഴിയുമ്പോൾ തൊഴിൽ തേടുന്നതിനാവശ്യമായ നൈപുണ്യവും നേടിയിരിക്കണം. അതിനു യോഗ്യതയുള്ള ഉദ്യോഗാർത്ഥികളാക്കി വിദ്യാർത്ഥികളെ മാറ്റിയെടുക്കണം. അതിനുള്ള സാഹചര്യവും വിവിധ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നമ്മുടെ നാട്ടിൽ വലിയ രീതിയിൽ നടക്കുന്ന വ്യവസായങ്ങളുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യം എന്താണെന്ന് മനസിലാക്കാൻ യൂണിവേഴ്സിറ്റി തലവൻമാർ ശ്രദ്ധിക്കണം. അതും കൂടി ഉൾപ്പെടുത്തി വേണം കോഴ്സുകൾക്ക് രൂപം നൽകാൻ. വിദ്യാർത്ഥികളെല്ലാം തന്നെ തൊഴിൽ അന്വേഷകരല്ല. തൊഴിൽ ദാതാക്കൾ കൂടിയാകണം. അതിനായി ഓരോ സ്ഥാപനത്തിലും വിദ്യാർത്ഥികൾ ഒറ്റക്കും കൂട്ടമായും സ്റ്റാർട്ട് അപുകൾ ആരംഭിക്കണം. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് സംരംഭകത്വത്തിൻ്റെ താല്പര്യം കൂടുതലായി വിദ്യാർത്ഥികളിൽ എത്തിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം നമ്മുടെ നാട് ഒരു പ്രത്യേക തലത്തിലേക്ക് ഉയർത്താനും കഴിയണം. അത് ഒരു വിജ്ഞാന സമൂഹമാക്കി മാറ്റണം. ആ തരത്തിലുള്ള ലക്ഷ്യത്തോടെയാണ് നീങ്ങാനുദ്ദേശിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണത്തിനു വലിയ പ്രാധാന്യം നൽകണം. ഗവേഷണ തല്പരരായ വിദ്യാർത്ഥികളുടെ സമൂഹം സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. അത്തരം ഗവേഷണങ്ങൾ വിവിധ മേഖലകൾക്ക് സംഭാവനകൾ നൽകുന്നതാകണം. സമ്പദ്ഘടനക്ക് പുതിയ മാനങ്ങൾ നൽകി വികസന കുതിപ്പിലേക്ക് നാടിനെ നയിക്കാൻ ഈ ഗവേഷണ സ്ഥാപനങ്ങൾക്കാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇൻ്റർനെറ്റ് വ്യാപകമായെങ്കിലും ഒരു വിഭാഗം ആളുകൾക്ക് ഇത് ഇപ്പോഴും അപ്രാപ്യമാണ്. ഇത്തരത്തിലുള്ള ഡിജിറ്റൽ വിടവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. അതിനുള്ള ബൃഹത് പദ്ധതിയാണ് കെ- ഫോൺ. ഡിജിറ്റൽ ലോകത്ത് ആർക്കും പ്രവേശനം നിഷേധിക്കാൻ പാടില്ല എന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.