ഉന്നതവിദ്യാഭ്യാസരംഗത്ത് നാളത്തെ കേരളം എന്താവണമെന്ന കാഴ്ചപ്പാടും അതിനുള്ള പദ്ധതികളും പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടുകൾ പിന്തുണച്ചും നവീനാശയങ്ങൾ സംഭാവന ചെയ്തും വിദ്യാർഥികളും. ഉള്ളടക്കം കൊണ്ടും ആശയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായ മുഖ്യമന്ത്രിയുടെ ആദ്യ സംവാദ പരിപാടി പൂർത്തിയായപ്പോൾ പിണറായി വിജയൻ നടന്നുകയറിയത് വിദ്യാർത്ഥികളുടെ മനസ്സിലേക്ക്.

ഉന്നതവിദ്യാഭ്യാസമേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ ഉയർന്നു വരണം എന്ന് ആമുഖ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൻറർനെറ്റ് അപ്രാപ്യമായ ഒരു വിഭാഗത്തിനു കൂടി അത് ലഭ്യമാക്കുകയും ഡിജിറ്റൽ വിടവ് നികത്തുകയും ചെയ്യും. കോഴ്സുകൾ കാലാനുസൃതമായി രൂപകൽപ്പന ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖല ജനസംഖ്യാനുപാതികമായി ഭാവിയിൽ വിപുലപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും മുഖ്യമന്ത്രി ആമുഖ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

അഞ്ചു സർവകലാശാലകളിൽ നിന്നായി പങ്കെടുത്ത 200 വിദ്യാർത്ഥികളിൽ 33 പേർ മുഖ്യമന്ത്രിക്കു മുന്നിൽ ആശയങ്ങൾ അവതരിപ്പിച്ചു.  കോവിഡ് മൂലം പ്രതിസന്ധിയിലായ വീട്ടമ്മമാർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം എന്നതായിരുന്നു  നിയമ സർവകലാശാല വിദ്യാർത്ഥി ആനന്ദിന്റെ ആവശ്യം.  വീട്ടമ്മമാരുടെ തൊഴിൽ ശേഷി ഉപയോഗപ്പെടുത്തുന്നതിന് വെബ് പോർട്ടൽ മുഖേന അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർബന്ധിതരായവർക്ക്  പങ്കിട്ടു ഉപയോഗിക്കാവുന്ന പൊതു തൊഴിലിടം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പല സ്കോളർഷിപ്പുകൾ ഏകീകരിച്ച് ഒരു പദ്ധതിയായി നടപ്പാക്കണമെന്ന കൊച്ചി സർവകലാശാല വിദ്യാർഥിനി  രേഷ്മയുടെ ആവശ്യവും പഠനത്തിനൊപ്പം വെർച്വൽ ഓഫീസ് സൗകര്യമൊരുക്കണമെന്ന  എംപി മനുവിന്റെ ആവശ്യവും സർവകലാശാലകളുമായി ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പരീക്ഷ കലണ്ടർ  ഏകീകരിക്കണമെന്ന് കുഫോസ് വിദ്യാർഥി രാഹുൽ കൃഷ്ണ ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യം നടപ്പിലാക്കിത്തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.  സർവ്വകലാശാലകളുടെ ഓഫീസ് പ്രവർത്തനവും കുറ്റമറ്റതാക്കും.  സിവിൽ എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക്  പരിശീലനത്തിനായി സർക്കാർ വകുപ്പുകളിൽ അവസരം നൽകണമെന്നായിരുന്നു കൊച്ചി സർവകലാശാലയിലെ അശ്വതി എം ബാബുവിന്റെ ആവശ്യം.  തദ്ദേശസ്വയംഭരണ വകുപ്പിൽ ഇപ്പോൾ തന്നെ ഇതിന് അവസരമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി ചോലനായ്ക്കർ വിഭാഗത്തിൽ നിന്നുള്ള ആദ്യ ഗവേഷണ വിദ്യാർത്ഥിയായ കൊച്ചി സർവ്വകലാശാലയിലെ സി. വിനോദ്സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ചു. ആദിവാസി വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനത്തിന് പദ്ധതി വേണമെന്നായിരുന്നു വിനോദിന്റെ ആവശ്യം. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി വീട്ടുവളപ്പിലേക്ക് വ്യാപിപ്പിക്കും. കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമം സമഗ്രമായി  പുന:സംവിധാനം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഭാവി വികസനവുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങൾ വിദ്യാർത്ഥികൾ സംവാദത്തിൽ ഉന്നയിച്ചു. ഓരോ ആശയങ്ങളും പ്രത്യേകമായി പരാമർശിച്ച് മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തു.  ജി എസ് പ്രദീപ് ആയിരുന്നു പരിപാടിയുടെ അവതാരകൻ.