തൃശ്ശൂർ: സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്ത് നടന്ന തൃശ്ശൂർ ടൗൺഹാളിൽ സാമൂഹിക അവബോധം ലക്ഷ്യമിട്ട് സാമൂഹ്യനീതി വകുപ്പ് ഒരുക്കിയ സ്റ്റാൾ ജനശ്രദ്ധ നേടി.
ബുദ്ധിവൈകല്യം, ഓട്ടിസം സെറിബ്രൽ പാൾസി, ബഹു വൈകല്യം എന്നീ പ്രശ്നങ്ങൾ നേരിടുന്നവരുടെ ‘നിയമപരമായ രക്ഷകർതൃത്വം’ എന്ന വിഷയവും നിരാമയ ഇൻഷുറൻസിനെ കുറിച്ചുള്ള ബോധവൽക്കരണവും നൽകുന്നതിനാണ് സ്റ്റാൾ ഒരുക്കിയത്.

ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും തൃശൂർ ലോക്കൽ ലെവൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് സ്റ്റാൾ സംഘടിപ്പിച്ചത്.

കുറ്റൂർ സ്വാശ്രയ സ്പെഷ്യൽ ട്രെയിനിങ് സെന്റർ അധികൃതർ, മറ്റ് സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരാണ് അദാലത്തിന്റെ ഭാഗമായി സാമൂഹിക അവബോധമെന്ന ദൗത്യവുമായി ടൗൺഹാളിലെത്തിയത്.
1999 ൽ നിലവിൽ വന്ന
‘ദ നാഷണൽ ട്രസ്റ്റ് ആക്ട്’ വിശകലനം ചെയ്യുന്ന ഭിന്നശേഷിക്കാരുടെ ‘നിയമപരമായ രക്ഷകർതൃത്വം’ എന്ന വിഷയം ഉത്തരവാദിത്തത്തോടെ നിറവേറ്റുന്ന സന്നദ്ധ സംഘടനയാണ് സ്വാശ്രയ.

വൈകല്യമുൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുള്ള പ്രായപൂർത്തിയായവരുടെ
ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനു വേണ്ടിയാണ് നാഷണൽ ട്രസ്റ്റ് ആക്ട് 1999 നിലവിൽ വന്നത്.
സവിശേഷമായ സാഹചര്യങ്ങളിൽ 18 വയസ്സിന് താഴെയുള്ള വർക്കും
ഈ നിയമത്തിൻറെ പരിരക്ഷ ലഭിക്കും.
ഇതിന് പുറമെ
നിരാമയ എന്ന പേരിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള
ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും
ഇവർ അവബോധം നൽകുന്നുണ്ട്.
കേരള സർക്കാരാണ്
നിരാമയ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായവരുടെ വാർഷിക വരിസംഖ്യ അടയ്ക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലഭിച്ച അപേക്ഷകളിൽ സ്വാശ്രയയുടെ പ്രവർത്തനങ്ങളിലൂടെ
472 അംഗങ്ങൾക്ക്
സർക്കാർ വരിസംഖ്യ അടയ്ക്കുന്നുണ്ട്. ബിപിഎൽ കാരായ അംഗങ്ങൾക്ക്
250 രൂപയും എപിഎൽ കാർക്ക് 500 രൂപയുമാണ് വാർഷിക വരിസംഖ്യ.
157 എ പി എൽ അംഗങ്ങളുടെയും 315 ബിപിഎൽ അംഗങ്ങളുടെയും
വരിസംഖ്യ ആണ് ഇത്തരത്തിൽ സർക്കാർ നൽകുന്നത്.
ഒട്ടേറെ പേർ സ്റ്റാളിൽ വന്ന് പദ്ധതിയെ കുറിച്ച് അന്വേഷിച്ചറിഞ്ഞു എന്നും കൂടുതൽ പേരിലേക്ക് നിയമപരമായ രക്ഷ കർത്തൃത്വത്തെ കുറിച്ചും ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും വിവരങ്ങൾ എത്തിക്കാൻ കഴിഞ്ഞുവെന്നും സ്വാശ്രയ സ്പെഷ്യൽ സ്കൂൾ വൈസ് പ്രിൻസിപ്പിൾ സതി പ്രേമചന്ദ്രൻ പറഞ്ഞു.