കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശന മേളയുടെ പ്രചാരണാര്‍ഥം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ മിനി മാരത്തണ്‍ മല്‍സരം നടത്തി. പുരുഷ-വനിതാ വിഭാഗങ്ങളില്‍ നടന്ന മാരത്തണില്‍ 33 പേര്‍ പങ്കെടുത്തു. കാക്കവയലില്‍ തുടങ്ങി കല്‍പ്പറ്റയില്‍ സമാപിച്ച പുരുഷ വിഭാഗം മാരത്തണില്‍ കൈതക്കല്‍ കുണ്ടന്‍കേണി കെ വിഷ്ണു ഒന്നാം സ്ഥാനം നേടി. മീനങ്ങാടി ഒളിംപിയ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ബേസില്‍ എം റെജി രണ്ടും താളൂര്‍ നെടുവീട്ടില്‍ അരുണ്‍കുമാര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. മുട്ടിലില്‍ തുടങ്ങി കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് സമീപിച്ച വനിതാവിഭാഗം മാരത്തണില്‍ കെ ബി രഷ്മിത ഒന്നാം സ്ഥാനവും ഷാലു ഷാജി രണ്ടാം സ്ഥാനവും നേടി. ഐറിന്‍ തോമസിനാണ് മൂന്നാം സ്ഥാനം. പുരുഷവിഭാഗത്തില്‍ ആറുപേരൊഴികെയുള്ളവര്‍ മല്‍സരം പൂര്‍ത്തിയാക്കി. പുരുഷവിഭാഗം മല്‍സരം കാക്കവയലില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. വനിതാ മാരത്തണ്‍ മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് സമ്മാനം നല്‍കും.
