ആജീവിക ഏവം കൗശല്‍ വികാസ് ദിനത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വാക്കത്തണ്‍ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ കുടംബശ്രീ മുഖേന നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) പദ്ധതി സംബന്ധിച്ച് തൊഴിലന്വേഷകര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ 1,850 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇതില്‍ 32 വിദേശ നിയമനങ്ങള്‍ ഉള്‍പ്പെടെ 806 പേര്‍ക്ക് വിവിധ കമ്പനികളില്‍ ജോലി ലഭിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ തൊഴില്‍ സാഹചര്യമുള്ള കോഴ്‌സുകളിലാണ് ഡിഡിയു ജികെവൈ പദ്ധതി പ്രകാരം പരിശീലനം നല്‍കുന്നതെന്നും യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായാണ് നല്‍കുന്നതെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി.സാജിത അറിയിച്ചു. പഠിതാക്കളുടെ വ്യക്തിത്വ വികാസത്തിനും ഭാഷാനൈപുണ്യം വര്‍ധിപ്പിക്കാനുതകുന്ന നിരവധി ക്ലാസുകള്‍ പ്രത്യേകമായും നല്‍കുന്നുണ്ട്. അണ്ടര്‍-23 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സജ്‌ന സജീവന്‍ വാക്കത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ കെ ടി മുരളി, കെ പി ജയചന്ദ്രന്‍, കല്‍പ്പറ്റ മുനിസിപ്പല്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സഫിയ എന്നിവര്‍ സംസാരിച്ചു. രാജീവ് അഗസ്റ്റിന്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു.