വയനാട്:  ജില്ലയുടെ വികസന കാഴ്ചകളൊരുക്കി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദര്‍ശനത്തിന് കല്‍പ്പറ്റ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ തുടക്കമായി. പുതിയ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ സി.കെ. ശിവരാമന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.പി ജിനീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ‘ഉണര്‍വ്വ്’ നാടന്‍ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.

കോവിഡ് കാലത്ത് ഉള്‍പ്പെടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ലോകശ്രദ്ധ നേടിയ പദ്ധതികള്‍ പൊതുജനങ്ങളോട് സംവദിക്കുന്ന തരത്തിലാണ് ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ വിവിധ വികസന- ക്ഷേമ പദ്ധതികളുടെ നേര്‍ക്കാഴ്ച്ചകളും ജില്ലയില്‍ ആവിഷ്‌കരിച്ച മറ്റ് തനത് പദ്ധതികളും വിദ്യാഭ്യാസ, വിനോദ സഞ്ചാര, ആരോഗ്യ മേഖലകളില്‍ നേടിയെടുത്ത സമഗ്ര വികസനത്തിന്റെ ചിത്രങ്ങളും പൊതുജനങ്ങള്‍ക്ക് അറിവ് പകരുന്നതാണ്. വികസന നേട്ടങ്ങളുടെ ഹ്രസ്വചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രദര്‍ശനം.

ജില്ലയിലെ രണ്ടാമത്തെ പ്രദര്‍ശനം സുല്‍ത്താന്‍ ബത്തേരി നഗരസഭാ അങ്കണത്തില്‍ ഫെബ്രുവരി 5, 6 തിയ്യതികളില്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ട്രൈസം ഹാള്‍ പരിസരത്ത് 8, 9 തീയതികളില്‍ നടക്കുന്ന പ്രദര്‍ശനം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പനമരം, വൈത്തിരി എന്നിവിടങ്ങളിലും പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്.