• ജില്ലയിലെ മന്ത്രിമാര്‍ വേദിയില്‍ നേരിട്ട് പരാതികള്‍ കേട്ട് തീര്‍പ്പാക്കുന്നു
• ഫെബ്രുവരി രണ്ടിന് അദാലത്ത് എടത്വ സെന്റ് അലോഷ്യസ് കോളേജില്‍
ആലപ്പുഴ: ജനങ്ങളുടെ പരാതികള്‍ക്കും ആവലാതികള്‍ക്കും എത്രയും പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ മന്ത്രിസഭാ തീരുമാനപ്രകാരം ജില്ലകളില്‍ നടത്തുന്ന സാന്ത്വനസ്പര്‍ശം പരാതി പരിഹാര അദാലത്തിന് ജില്ലയില്‍ തുടക്കമായി. ആദ്യ ദിനം അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകള്‍ക്കായുള്ള അദാലത്ത് ലജ്‌നത്തുള്‍ സ്‌കൂളിലാണ് സംഘടിപ്പിച്ചത്. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ ജി സുധാകരന്‍,ഡോ. ടി എം തോമസ് ഐസക്, പി തിലോത്തമന്‍ എന്നിവരാണ് അദാലത്തില്‍ പരാതികള്‍ പരിശോധിച്ച് തീര്‍പ്പുുകല്‍പ്പിക്കുന്നത്. ഓണ്‍ലൈനായി അദാലത്ത് ദിവസം രാവിലെ വരെ 9466 അപേക്ഷകള്‍ ലഭിച്ചതായി അദാലത്തില്‍ ആധ്യക്ഷം വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഇതുകൂടാതെ നേരിട്ട് ഹാജരാകുന്നവരുടെ അപേക്ഷകളും പരിഗണിക്കുന്നുണ്ട്.
കൂടുതല്‍ പരിശോധന വേണ്ട പരാതികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലായി മാത്രം ഓണ്‍ലൈനായി 3166 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. പരാതികളുടെ പരിശോധന തുടരുകയാണ്. 25000 രൂപവരെയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അനുവദിക്കാന്‍ മന്ത്രിമാര്‍ക്ക് പ്രത്യേക അധികാരം നല്‍കിയിട്ടുണ്ട്. ആദ്യം പരിഗണിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളായിരുന്നു. 25000ന് മുകളില്‍ ധനസഹായം നല്‍കേണ്ട അപേക്ഷകള്‍ ശുപാര്‍ശ പ്രകാരം സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കും. എത്രയും പെട്ടെന്ന് ഇതില്‍ തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരമേറ്റ നാള്‍മുതല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന പരാതികള്‍ നേരിട്ട് കേട്ട് വേഗം തീരുമാനം എടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പരമാവധി പാലിച്ചുകൊണ്ടായിരിക്കണം ഏവരും പങ്കെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 503 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ആകെ ചെലവഴിച്ചതെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. എന്നാല്‍ ഈ ഗവണ്‍മെന്റ് അദാലത്ത് നടത്തുന്ന ദിവസം വരെ നോക്കിയാല്‍ 1703 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ പൂര്‍ത്തിയാകുമ്പോള്‍ അത് 2000 കോടി രൂപയെങ്കിലും ആയി ഉയരുമെന്നും ഇത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കാനുള്ള പ്രതിബദ്ധതയാണ് കാട്ടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാവിലെ 10മണിക്ക് തന്നെ അദാലത്ത് ആരംഭിച്ചു. സി.എം.ഡി.ആര്‍.എഫ് അപേക്ഷകള്‍ പരിശോധിച്ച ശേഷം വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിച്ചു.
അദാലത്ത് ചൊവ്വാഴ്ചയും തുടരും. ചൊവ്വാഴ്ച കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളുടെ പരാതി പരിഹാര അദാലത്താണ് നടക്കുക. രാവിലെ 10 മണിക്ക് എടത്വ സെന്റ് അലോഷ്യസ് കോളേജിലാണ് അദാലത്ത്. മന്ത്രിമാരെക്കൂടാതെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലകളക്ടര്‍ എ.അലക്‌സാണ്ടര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ, അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് അലക്‌സ് ജോസഫ്, അമ്പലപ്പുഴ തഹസില്‍ദാര്‍ പ്രീതാ പ്രതാപന്‍, ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍.ഉഷ വിവിധ വകുപ്പു ജില്ല തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.