ആലപ്പുഴ: മന്ത്രിമാര്‍ നേരിട്ടെത്തി നടത്തുന്ന അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ കാന്‍സര്‍ രോഗിയായ ആലപ്പുഴ സ്വദേശിനി സീനിയയുടെ അപേക്ഷയില്‍ ഉടനടി തീര്‍പ്പ്. നാലുവര്‍ഷമായി കാന്‍സര്‍ രോഗബാധിതായ സീനിയക്ക് ചികിത്സ സഹായമാവശ്യപ്പെട്ട് ഭര്‍ത്താവ് സിബിയാണ് അപേക്ഷയുമായി അദാലത്തിലെത്തിയത്. അപേക്ഷ ഉടനടി പരിശോധിച്ച് മുഖ്യമന്ത്രിയുടെ ചികത്സാ സഹായ ഫണ്ടില്‍ നിന്നും 25000 രൂപ ഇവര്‍ക്ക് ചികത്സ സഹായമായി അനുവദിച്ചു. മന്ത്രി ജി. സുധാകരനാണ് തുക കൈമാറിയത്.
2018ലാണ് സീനിയക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം ഗുളികള്‍ക്ക് മാത്രമായി പതിനായിരത്തിലേറെ രൂപയാണ് ചെലവ്. രണ്ട് പെണ്‍കുട്ടികളാണ്. ഓട്ടോ തൊഴിലാളിയായ സിബിയുടെ തുച്ഛമായ വേദനത്തില്‍ കഴിഞ്ഞിരുന്ന കുടുംബം ചികത്സ മൂലം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് അപേക്ഷയുമായി എത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജിലാണ് സീനിയയുടെ ചികത്സ നടക്കുന്നത്.