Kerala’s Top 50 Policies and Projects-41

കേരളത്തിലെ തൊഴിൽ പരിശീലന രംഗത്തെ സുപ്രധാനമായ ചുവടുവെയ്പായിരുന്നു തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരള അക്കാഡമി ഒഫ് സ്‌കിൽ എക്‌സലൻസ് ( കെയ്‌സ് ) എന്ന കമ്പനി. സംസ്ഥാനത്തെ യുവജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച നൈപുണ്യ പരിശീലനം ലഭ്യമാക്കുകയായിരുന്നു കെയ്‌സിന്റെ ലക്ഷ്യം. 2016 ലെ സർക്കാർ ഉത്തരവിലൂടെ കെയ്‌സിനെ സംസ്ഥാന നൈപുണ്യ വികസന മിഷനായി മാറ്റി സംസ്ഥാനത്തെ എല്ലാ നൈപുണ്യ പരിശീലനങ്ങളും ഒരു കുടക്കീഴിലാക്കുകയും കൃത്യമായ നിരീക്ഷണത്തിലൂടെ മാറ്റത്തിന് വഴിതെളിയിക്കുകയും ചെയ്തു. കഴിഞ്ഞ നാലരവർഷത്തിനിടയിൽ കെയ്‌സിലൂടെ നൂതന സാങ്കേതിക വിദ്യയ്ക്ക് പ്രധാന്യം നൽകി വിവിധ വ്യവസായങ്ങൾക്ക് ആവശ്യമായ രീതിയിൽ നൈപുണ്യ പരിശീലനം നൽകാൻ സാധിച്ചതും അഭിമാനകരമായ നേട്ടമാണ്.

കെയ്‌സിലൂടെ നൈപുണ്യ രംഗത്തെ പുരോഗതി നേടാനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ഇന്റർനാഷണൽ സ്‌കിൽ ട്രെയിനിംഗ് ആന്റ് എംപ്ലോയബിലിറ്റി പ്രോഗ്രാം ( iSTEP ). ഐസ്‌റ്റെപ്പ് പദ്ധതിയിലൂടെ രണ്ട് നവീന മാതൃകകളാണ് കെയ്‌സ് നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഏറ്റവും മികച്ച ഏജൻസിയുടെ നേതൃത്വത്തിൽ പരിശീലനവും സർട്ടിഫിക്കേഷനും പ്ലെയ്‌സ്‌മെൻ്റും നൽകി മികവിന്റെ കേന്ദ്രങ്ങൾ ഒരുക്കുന്നതാണ് ഒന്ന്. പരിശീലനം നൽകുന്ന സ്ഥാപനങ്ങളുടെ സ്‌കിൽ ട്രെയിനിംഗ് കോഴ്‌സുകൾക്ക് അക്രഡിറ്റേഷൻ നൽകുന്നതാണ് രണ്ടാമത്തേത്.

നഴ്‌സിംഗ്, ഓയിൽ ആന്റ് റിഗ്ഗ്, വാട്ടർ ആന്റ് വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ്, ടീച്ചർ ട്രെയിനിംഗ് ആന്റ് റിസർച്ച്, നിർമ്മാണ രംഗം തുടങ്ങിയ മേഖലകളിൽ കെയ്‌സ് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ച് പരിശീലനം നൽകുകയാണ്. ഇതിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം ഉറപ്പാക്കാനും പരിശീലന രംഗത്തെ ചാലകശക്തിയായി കെയ്‌സിനെ മാറ്റാനും സർക്കാർ പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്.

ഇതുകൂടാതെ മികച്ച കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ കോഴ്സുകൾക്കും മോഡ്യൂളുകൾക്കും അംഗീകാരം നൽകുന്ന പ്രവർത്തനവും കെയ്‌സിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ഏഴ് സ്ഥാപനങ്ങൾക്കാണ് ഇതുവരെ അംഗീകാരം നൽകിയത്. ഭാഷാ നൈപുണ്യം ഉറപ്പാക്കാനായി അങ്കമാലിയിൽ മൾട്ടി ലാംഗ്വേജ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയതും സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ വികസന പരിശീലനം നൽകിയതും കെയ്‌സ് ആവിഷ്‌കരിച്ച നൂതനമായ ആശയങ്ങളാണ്.

കെയ്‌സിന്റെ നേതൃത്വത്തിൽ ആരംഭിച്ച മറ്റ് രണ്ട് ആശയങ്ങളാണ് സ്‌കിൽ രജിസ്റ്ററി മൊബൈൽ ആപ്ലിക്കേഷൻ രൂപീകരണവും സ്റ്റേറ്റ് ജോബ് പോർട്ടലും. നൈപുണ്യ മേഖലയിലെ സേവനം ഉറപ്പാക്കുന്നതിനും പരിശീലനം ലഭിച്ചവരുടെ വിവരശേഖരണത്തിനും ഇന്ത്യയിൽ ആദ്യമായാണ് സംസ്ഥാന തലത്തിൽ ഒരു സ്‌കിൽ രജിസ്റ്ററി മൊബൈൽ ആപ്പ് തയ്യാറാക്കിയത്. നൈപുണ്യ പരിശീലനം ലഭിച്ചവരുടെ സേവനം പൊതുജനങ്ങൾക്ക് സ്‌കിൽ രജിസ്റ്ററി മൊബൈൽ ആപ്പിലൂടെ ലഭിക്കുന്നു. നിലവിൽ 42 മേഖലകളിലെ സേവനങ്ങളാണ് സ്‌കിൽ രജിസ്റ്ററി ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തൊഴിൽ അന്വേഷകർക്കും തൊഴിൽദാതാക്കൾക്കുമിടയിലെ അകലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കെയ്‌സ് സംസ്ഥാന തൊഴിൽ പോർട്ടൽ ആരംഭിച്ചത്. തൊഴിൽ അന്വേഷകർക്ക് പരിശീലനം ലഭിച്ച മേഖലകൾ ഉൾപ്പെടെ രേഖപ്പെടുത്തി പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. തൊഴിൽ ദാതാക്കൾക്ക് ആവശ്യമായ യോഗ്യതയുള്ളവരുടെ വിവരം പോർട്ടലിൽ നിന്ന് ലഭിക്കുന്നതിലൂടെ വേഗത്തിൽ നിയമനം നടത്താൻ സാധിക്കും. ഇതുവരെ 101 സ്ഥാപനങ്ങളും 227 തൊഴിൽ ദാതാക്കളും 81884 യുവജനങ്ങളുമാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.

നൈപുണ്യ പരിശീലനത്തിലൂടെ കേരളത്തിലെ യുവജനങ്ങളുടെ മികവ് വർദ്ധിപ്പിച്ച് തൊഴിൽ ലഭ്യമാക്കാൻ കെയ്‌സിലൂടെ സർക്കാർ ആവിഷ്‌കരിച്ച നയങ്ങൾ കേരളത്തിലെ തൊഴിൽ മേഖലയിൽ പുത്തൻ ഉണർവാണ് സൃഷ്ടിക്കുന്നത്.

#keralastop50policiesandprojects

#KeralaLeads