കാസര്‍ഗോഡ്:  സ്ഥലപരിമിതി മൂലം വീര്‍പ്പ് മുട്ടിയിരുന്ന പെരിയ ഗവ.എല്‍ പി സ്‌കൂളിന് ഇനി ആശ്വസിക്കാം. 500 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കാനായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തി 99 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഇരുനിലകളിലായി വിശാലമായ എട്ട് ക്ലാസ് മുറികള്‍ അടങ്ങിയതാണ് പുതിയ കെട്ടിടം. 2019-20 അധ്യയന വര്‍ഷം ബേക്കല്‍ ബി ആര്‍ സി യില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയത് ഈ വിദ്യാലയത്തില്‍ നിന്നാണ്. 23 കുട്ടികളാണ് എല്‍ എസ് എസ് നേടിയത്.

ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫാത്തിമത്ത് ഷംന, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം വി വി സുമ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ പി ദിലീപ്കുമാര്‍, ബേക്കല്‍ എ ഇ ഒ കെ ശ്രീധരന്‍, ബി ആര്‍ സി പ്രോഗ്രാം ഓഫീസര്‍ കെ എം ദിലീപ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എന്‍ ബാലകൃഷ്ണന്‍, പെരിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയഗെറ്റ്രൂഡ് ജോര്‍ജ്, പിടിഎ പ്രസിഡണ്ട് എ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 2019 – 20 വര്‍ഷത്തില്‍ എല്‍എസ്എസ് നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.

പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യമുന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരിയ എല്‍പി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി എം സത്യന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ കെ ശ്യാമള നന്ദിയും പറഞ്ഞു.