കുളത്തൂര്‍ സപ്ലൈകോ മാവേലി സ്റ്റോര്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഇനി സപ്ലൈകോ സൂപ്പര്‍ സ്റ്റോറായി പ്രവര്‍ത്തിക്കും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനായി. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രശ്മി ആദ്യ വില്‍പ്പന നടത്തി.

സ്ഥലപരിമിതിയില്‍ ഏറെ ബുദ്ധിമുട്ടിയായിരുന്നു കുളത്തൂര്‍ മാവേലി സ്റ്റോറിന്റെ പ്രവര്‍ത്തനം. സ്ഥലസൗകര്യങ്ങള്‍ കുറവായതിനാല്‍ മാവേലി സ്റ്റോറിലെത്തി ജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ പ്രശ്‌നം കണക്കിലെടുത്താണ് ജനങ്ങളുടെ സൗകര്യാര്‍ത്ഥം മാവേലിസ്റ്റോര്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ മാവേലി സ്റ്റോര്‍ സപ്ലൈകോ സൂപ്പര്‍ സ്റ്റോറായി പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ അവരുടെ ആവശ്യാനുസരണം തെരഞ്ഞെടുക്കാം. നിലവിലെ മാവേലി സ്റ്റോര്‍ കെട്ടിടത്തോട് ചേര്‍ന്ന് കുളത്തൂര്‍ കാനറ ബാങ്കിന് മുന്‍വശത്തായാണ് വിശാലമായ സൗകര്യങ്ങളോട് കൂടി  സപ്ലൈകോ സൂപ്പര്‍ സ്റ്റോര്‍ കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ സബ്‌സിഡിയിലുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമെ പ്രമുഖ കമ്പനികളുടെ നോണ്‍ മാവേലി ഉല്‍പ്പന്നങ്ങളും ന്യായവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

സപ്ലൈക്കോ മാനേജിങ് ഡയറക്ടര്‍ പി.എം.അലി അസ്ഗര്‍ പാഷ, ജില്ലാ പഞ്ചായത്ത് അംഗം ടി.പി.ഹാരിസ്, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രശ്മി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അബ്ദുള്‍ മുനീര്‍, ഗ്രാമപഞ്ചായത്ത് അംഗം ദീപ അഞ്ജനം കാട്ടില്‍,  പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ജെ.പ്രസാദ്, കുളത്തൂര്‍ സപ്ലൈക്കോ ബ്രാഞ്ച് മാനേജര്‍ രഘു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.