കാസര്‍ഗോഡ്: സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന മറ്റെവിടെയും ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായി ആരംഭിച്ച ‘കൈവശ ഭൂമിക്ക് പട്ടയം’ പദ്ധതി പ്രകാരം ജില്ലയില്‍ ലഭിച്ചത് 2112 അപേക്ഷകള്‍. വിവിധ ഘട്ടങ്ങളില്‍ നടന്ന വിശദമായ പരിശോധനയ്ക്ക് ശേഷം അന്തിമ പട്ടികയില്‍ 216 അപേക്ഷകളാണുള്‍പ്പെട്ടത്. പദ്ധതിയുടെ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അന്തിമ പട്ടികയിലുള്‍പ്പെട്ടവരില്‍ അര്‍ഹരായവര്‍ക്ക് നിയമാനുസൃതമായി ഭൂമി പതിച്ച് നല്‍കും. സംസ്ഥാനതലത്തില്‍ തന്നെ 2020 ഒക്ടോബറില്‍ കാസര്‍കോടാണ് ആദ്യമായി പദ്ധതിയ്ക്ക് തുടക്കമിട്ടത്. അക്ഷയകേന്ദ്രങ്ങളിലൂടെ ലഭിച്ച അപേക്ഷകള്‍ താലൂക്ക് തലത്തിലാണ് പരിശോധിച്ചത്.

ജില്ലയില്‍ അനുവദിച്ചത്് 8765 പട്ടയങ്ങള്‍

ദീര്‍ഘകാലമായി സ്വന്തം ഭൂമിയുടെ അവകാശത്തിനായി കാത്തിരുന്ന 8765 പേര്‍ക്കാണ് അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ പട്ടയം അനുവദിച്ചത്. ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം 3909 പട്ടയങ്ങളും 331 മിച്ചഭൂമി പട്ടയങ്ങളും 327 ദേവസ്വം പട്ടയങ്ങളും 3566 ലാന്‍ഡ്് ട്രിബ്യൂണല്‍ പട്ടയങ്ങളും ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 632 പട്ടയങ്ങളുമാണ് ഇതുവരെ അനുവദിച്ചത്.

ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം അനുവദിച്ച 3909 പട്ടയങ്ങളില്‍ ഏറ്റവും കൂടുതല്‍ നല്‍കിയത് മഞ്ചേശ്വരം താലൂക്കിലാണ്-1121. കാസര്‍കോട് -932, വെള്ളരിക്കുണ്ട് -924, ഹോസ്ദുര്‍ഗ് -932 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ വിതരണം ചെയ്തത്.