കൊല്ലം: കഥാപ്രസംഗത്തെ ആധുനികവത്ക്കരിച്ച് ആസ്വാദ്യകരമാക്കിയ അതുല്യ കലാകാരനായിരുന്നു വി സാംബശിവനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി സാംബശിവന്റെ സ്മരണയ്ക്ക് ജന്മനാടായ ചവറ തെക്കുംഭാഗം കല്ലുംപുറത്ത് നിര്‍മ്മിച്ച സാംബശിവന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷനായി.

വൈകാരിക മുഹൂര്‍ത്തങ്ങളടങ്ങിയ സന്ദര്‍ഭങ്ങള്‍ ഭാവ തീവ്രതയോടെയും സംഗീതത്തിന്റെ അകമ്പടിയോടെയും അവതരിപ്പിക്കാന്‍ സാംബശിവന് കഴിഞ്ഞു. പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ എല്ലാ സഹൃദയ മനസുകളും അദ്ദേഹത്തിന്റെ അരങ്ങിനു മുന്നില്‍ ആകാംക്ഷയോടെ കാത്തിരുന്നു. മലയാളിയുടെ സാഹിത്യബോധത്തെ മാത്രമല്ല സാമൂഹികബോധത്തെയും സാംസ്‌കാരിക ബോധത്തെയും കഥകളിലൂടെ വി സാംബശിവന്‍ സമ്പന്നമാക്കി. അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ തന്നെ ഇത്തരമൊരു സ്മാരകം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഏറെ അഭിമാനകരമാണ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സ്മരണ നിലനിര്‍ത്തുന്നതിനും പുതിയ തലമുറയ്ക്ക് അവരുടെ സംഭാവനകള്‍ പരിചയപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ സ്മാരകങ്ങള്‍ പണികഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിഖ്യാത കലാകാരന്‍ വി സാംബശിവന് ജന്മനാട്ടില്‍ സ്മാരകം ഒരുങ്ങിയതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.