ഇടുക്കി: സഞ്ചാരികള്‍ക്ക് കാര്‍ഷിക സംസ്‌കൃതിയെയും പ്രകൃതിയെയും അടുത്തറിയാന്‍ വണ്ടിപ്പെരിയാര്‍ സ്റ്റേറ്റ് വെജിറ്റബിള്‍ ഫാമില്‍ പൂര്‍ത്തിയാക്കിയ ഫാം ടൂറിസം പദ്ധതിയുടെയും വീട്ടുപടിക്കല്‍ വിപണി പദ്ധതിയുടെയും ഉദ്ഘാടനം നാളെ 3 മണിക്ക് മൂന്നാറില്‍ നടക്കുന്ന ജില്ലാ കാര്‍ഷിക മേളയില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വ്വഹിക്കും. സഞ്ചാരികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സെയില്‍സ് കൗണ്ടര്‍, സീറോ വേസ്റ്റ് പവലിയന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

വിപണന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ ഉല്‍പ്പനങ്ങള്‍ക്ക് ശരിയായ വില ലഭിക്കുന്നില്ല എന്ന വിഷയത്തിന് പരിഹാരമാണ് പീരുമേട് നിയോജകണ്ഡലത്തിലെ ഒന്‍പതു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വീട്ടുമുറ്റത്തൊരു വിപണി എന്ന സഞ്ചരിക്കുന്ന ജൈവ വിപണി പദ്ധതി.

‘വീട്ടുപടിക്കല്‍ വിപണി’ പദ്ധതിക്കായി വാങ്ങിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് കര്‍മ്മവും ചടങ്ങില്‍ നടക്കും. സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍ ,അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് സ്‌കറിയ , വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം ഉഷ ,പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോമിന സജി, ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് കെ ജേക്കബ് ,ത്രിതല പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.