കണ്ണൂർ: സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള വികസന പദ്ധതികളിലൂടെ ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികളുടെ ഭാഗമായാണ് സഹകരണ മേഖലയുടെ പങ്കാളിത്തത്തോടെയുള്ള പ്രാദേശിക വികസന സാധ്യതകള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ മുന്നോടിയായി സംഘടിപ്പിച്ച വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ധനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഇ വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സംയോജിത വികസന സാധ്യത എന്ന് പേരിട്ട സെമിനാറില്‍ ക്രിയാത്മകമായ വിവിധ നിര്‍ദേശങ്ങളാണുരുത്തിരിഞ്ഞത്.

സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ ഒരു ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചു പുതിയ സംരംഭങ്ങളെങ്കിലും ആരംഭിക്കാന്‍ കഴിയുമെന്നും ഇതില്‍ പ്രവാസികള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ പങ്കാളിത്തമുറപ്പ് വരുത്തി കൊണ്ട് വികസന പ്രക്രിയക്ക് പുതിയ മുഖം നല്‍കാന്‍ കഴിയുമെന്നും നിര്‍ദേശമുയര്‍ന്നു. സഹകരണ ബാങ്കുകളിലെ നിക്ഷേപം പ്രാദേശിക വികസന പ്രക്രിയയില്‍ വിനിയോഗിക്കുന്നതിന്റെ സാധ്യതകളും സെമിനാര്‍ ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തുകള്‍ നേരിടുന്ന വിഭവ സമാഹരണ പ്രതിസന്ധിക്ക് ബദലായി ഈ പണം ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളും സെമിനാര്‍ ചര്‍ച്ച ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട സഹകരണ ബാങ്ക ്പ്രതിനിധികള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ക്കായി നബാര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപറേറ്റീവ് മാനേജ്‌മെന്റ്, കൃഷി വിജ്ഞാന്‍ കേന്ദ്രം, ജില്ലാ പ്ലാനിംഗ് ഡിവിഷന്‍, എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് സെമിനാര്‍ സംഘടിപ്പിച്ചത്.

സഹകരണ ബാങ്കുകള്‍ സംരംഭകര്‍ക്ക് ആവശ്യമുള്ള ലോണ്‍ നല്‍കുകയും അതിനുള്ള പലിശ തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കുകയും ചെയ്താല്‍ മികച്ച രീതിയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് വിപണി ഉറപ്പുവരുത്തണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.  ഇതിനായി ആഴ്ച ചന്തകള്‍ തുടങ്ങാനും ആലോചനയായി. കൃഷി, മത്സ്യം, ക്ഷീര മേഖലകളില്‍ മികച്ച രീതിയിലുള്ള ഉല്‍പാദനവും ജനകീയമായ വിപണനവും ഉറപ്പുവരുത്തി സുസ്ഥിര വികസന സാധ്യതകള്‍ ഇതിലൂടെ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.  ഇതിനൊപ്പം പുതിയ സാങ്കേതിക വിദ്യകളുടെ സഹായവും ഉപയോഗപ്പെടുത്തും.

തെരഞ്ഞെടുക്കപ്പെട്ട 22 ഗ്രാമപഞ്ചായത്തുകളിലെ ഓരോ പഞ്ചായത്തില്‍ നിന്നും ഓരോ സഹകരണ ബാങ്കുകളാണ് സെമിനാറില്‍ പങ്കെടുത്തത്. ഐ സി എം സീനിയര്‍ ഫാക്കല്‍റ്റി മെമ്പര്‍ വി എന്‍ ബാബു, നബാര്‍ഡ് ഡിഡിഎം മനോജ് കുമാര്‍, ഡയറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജശ്രീ മേനോന്‍, ആത്മ കണ്ണൂര്‍ ഡയറക്ടര്‍ എ സാവിത്രി, മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടര്‍ ഡോ. പ്രശാന്ത്, മത്സ്യബന്ധന വകുപ്പ് ജില്ലാ ഓഫീസര്‍ സി കെ ഷൈനി തുടങ്ങിയവര്‍ വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഇ വിജയന്‍ മാസ്റ്റര്‍ അധ്യക്ഷനായി.  സ്ഥിരം സമിതി അധ്യക്ഷന്മാര്‍, സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ ജോയിന്റ്    ഐ സി എം ഡയറക്ടര്‍ എം വി ശശികുമാര്‍, കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടര്‍ ഡോ. ജയരാജ്, ഐ സി എം ഫാക്കല്‍റ്റി അംഗം ഐ അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.