Kerala’s Top 50 Policies and Projects-44

നമ്മുടെ നാട്ടിലെ കാർഷിക മൃഗസംരക്ഷണ മേഖലയിൽ വിജയകരമായ നിരവധി ഉപജീവന പദ്ധതികളാണ് കഴിഞ്ഞ നാലര വർഷം മൃഗസംരക്ഷണ വകുപ്പിന്റെ നേൃത്വത്തിൽ നടപ്പിലാക്കിയത്. ജനങ്ങൾക്ക് മൃഗപരിപാലനത്തിൽ ശാസ്ത്രീയ പരിജ്ഞാനം ലഭ്യമാക്കി ഉത്പാദനക്ഷമത കൈവരിക്കാനും മൃഗസമ്പത്ത് വർദ്ധിപ്പിക്കാനും വകുപ്പിനായി. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി കന്നുകാലികളുടെയും വളർത്തുപക്ഷികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തി പുതിയ പദ്ധതികളിലൂടെ ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും മൃഗസംരക്ഷണ വകുപ്പിന് സാധിച്ചു.

ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ജനകീയ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എയ്ഡഡ് സ്‌കൂളിലെ അഞ്ച് മുതൽ ഒൻപതാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും കോടുക്കുന്ന സ്‌കൂൾ പൗൾട്രി പദ്ധതിയിലൂടെ കുട്ടികൾക്ക് കോഴി വളർത്തൽ പരിചയപ്പെടുത്താനായി.

പഞ്ചായത്തുകളെ മാതൃക മൃഗസംരക്ഷണ ഗ്രാമമാക്കുന്ന മൃഗസംരക്ഷണ ഗ്രാമം പദ്ധതി, നഗര പ്രദേശങ്ങളിൽ കോഴിവളർത്തൽ പ്രോത്സാഹിപ്പിക്കാനായി കൂടുകളിൽ കോഴി വളർത്തൽ പദ്ധതി എന്നിവ നടപ്പാക്കിയതിലൂടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾക്ക് മൃഗപരിപാലനത്തിലൂടെ വരുമാനം ഉറപ്പാക്കാനായി. ആട് വളർത്തൽ, താറാവ് വളർത്തൽ, കറവ യന്ത്ര വിതരണം, മാലിന്യ സംസ്‌കരണ യൂണിറ്റിനുള്ള ധനസഹായം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് വകുപ്പിന്റെ നേതൃത്വത്തിൽ ജീവനോപാധി സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയത്.

ഗുണമേന്മയുള്ള കോഴിയിറച്ചി കേരളത്തിൽ തന്നെ ഉത്പാദിപ്പാക്കാൻ ആവിഷ്‌കരിച്ച പുതിയ ആശയമാണ് കേരള ചിക്കൻ പദ്ധതി. മൃഗസംരക്ഷണ വകുപ്പ് നോഡൽ ഏജൻസിയായി ഇറച്ചിക്കോഴി ഉത്പാദനത്തിൽ വിപുലമായ രീതിയിൽ സർക്കാർ ഇടപെടുന്ന പദ്ധതിയാണ് കേരള ചിക്കൻ പദ്ധതി. മൃഗസംരക്ഷണ വകുപ്പ്, പൗൾട്രി വികസന കോർപ്പറേഷൻ, കുടുംബശ്രീ, ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി 63.11 കോടി രൂപയാണ് റീബിൽഡ് കേരളയിലൂടെ ലഭ്യമാക്കിയത്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ 66 ഫാമുകളും 24 കേരള ചിക്കൻ ഔട്ട്‌ലെറ്റുകളും തുടങ്ങി കേരള ചിക്കൻ വിപണിയിലെത്തിച്ചു. ഏഴ് ഔട്ട്‌ലെറ്റുകളും 111 ഫാമുകളുമാണ് ബ്രഹ്മഗിരി സൊസൈറ്റിയുടെ നേതൃത്വത്തിലുള്ളത്. പദ്ധതി വിപുലമാക്കി ഇറച്ചി കോഴി ഉത്പാദനത്തിൽ വലിയമാറ്റമാണ് വരും വർഷങ്ങളിൽ സർക്കാർ വിഭാവനം ചെയ്യുന്നത്.

ഉപജീവന പദ്ധതികൾ ആവിഷ്‌കരിക്കുന്നതു കൂടാതെ മൃഗസംരക്ഷണ മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾക്കും നൂതനമായ നയങ്ങൾ ആവിഷ്‌കരിക്കുന്നതിനും മൃഗ സംരക്ഷണ വകുപ്പ് മുൻകൈ എടുത്തു. 2017-18 സാമ്പത്തിക വർഷത്തിലാണ് ‘കർഷകർക്ക് ഒരു കൈത്താങ്ങ്’ എന്ന സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. ഉരുക്കളുടെ മരണത്തിനും ഉത്പാദന പ്രത്യുത്പാദന നഷ്ടത്തിനുള്ള പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിക്ക് കർഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അപേക്ഷകൾ പൂർണമായും ഓൺലൈനായി കൈകാര്യം ചെയ്യുന്ന പദ്ധതിയിലൂടെ സമയബന്ധിതമായി നഷ്ടപരിഹാര തുക കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുന്നു. പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനവും പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് 70 ശതമാനം സബ്‌സിഡിയും പദ്ധതിയിൽ ലഭിക്കും. ഇത്തരത്തിലുള്ള പുതിയ പദ്ധതികളിലൂടെ മൃഗപരിപാലന സംരക്ഷണ മേഖലയിൽ വരുമാനം ഉറപ്പാക്കി ഭക്ഷ്യ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്.

#keralastop50policiesandprojects

#KeralaLeads