കണ്ണൂര്‍: പേശികള്‍ തളര്‍ത്തുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച് തളര്‍ന്ന രണ്ടു മക്കളെയും ചേര്‍ത്തുപിടിച്ച് സാന്ത്വന സ്പര്‍ശം അദാലത്തിന്റെ തളിപ്പറമ്പിലെ വേദിയിയില്‍ നിന്നിറങ്ങുമ്പോള്‍ കണ്ണപുരത്തെ സ്മിതയുടെ കണ്ണുകള്‍ നിറഞ്ഞത് സര്‍ക്കാരിന്റെ കരുതല്‍ നേരിട്ടനുഭവിച്ചതിന്റെ സന്തോഷത്തിലാണ്.
എല്ലുകള്‍ക്ക് ബലക്ഷയം സംഭവിച്ച് തളര്‍ന്നു പോയതാണ് സ്മിതയുടെ രണ്ടു മക്കളും. മൂത്ത മകന്‍ 15കാരനായ സഞ്‌ജോക് നടക്കാനാവാതെ വീല്‍ച്ചെയറിലാണ്. പാപ്പിനിശ്ശേരി ഗവ ഹൈസ്‌കൂളില്‍ പത്താംതരത്തിലാണ് പഠിക്കുന്നത്.
പത്താമത്തെ വയസ്സില്‍ അരയ്ക്ക് താഴോട്ട് തളര്‍ന്നുവീഴുകയായിരുന്നു സഞ്‌ജോക്. ഇളയ മകന്‍ 14കാരന്‍ സായൂജ് ഇതേ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇടക്കിടെ സംഭവിക്കുന്ന വീഴ്ചകള്‍ നല്‍കുന്ന സൂചനകള്‍ അതു തന്നെ. ശാശ്വത പരിഹാരമില്ലാത്ത രോഗമാണ് മസ്‌കുലാര്‍ ഡിസ്‌ട്രോഫി. ഏഴു വര്‍ഷം മുന്‍പ് അച്ഛനെ നഷ്ടപ്പെട്ട ഇവര്‍ക്ക് ഇനി സര്‍ക്കാരിന്റെ കരുതല്‍ കൂട്ടാവും. ലൈഫ് പദ്ധതിയില്‍ സ്മിതയ്ക്കും കുടുംബത്തിനും വീടൊരുക്കും. സാമൂഹ്യനീതി വകുപ്പിന്റെ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഇളയ മകന്‍ സായൂജിന് വിദ്യാഭ്യാസ ധനസഹായം നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പു നല്‍കി. സായൂജിന് നടക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു തുടങ്ങിയാല്‍ വീല്‍ ചെയര്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അടിയന്തര സഹായമായി 25000 രൂപ സ്മിതയ്ക്കും കുട്ടികള്‍ക്കും അനുവദിച്ചു. മക്കളെ നോക്കുന്നതിനായി സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്മിത, സാമൂഹ്യക്ഷേമ പെന്‍ഷന്റെയും കുട്ടികളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളുടെയും സഹായം കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശം
ഈ കുടുംബത്തിനു കൂട്ടാകുമെന്നുറപ്പാണ്.