കണ്ണൂര്‍: സെറിബല്‍ പാള്‍സി ബാധിച്ച പന്ത്രണ്ടു വയസ്സുകാരന്‍ യദുനന്ദിന് സാന്ത്വന സ്പര്‍ശവുമായി സംസ്ഥാന സര്‍ക്കാര്‍. വികലാംഗ കോര്‍പറേഷന്‍ മുഖേന എം ആര്‍ കിറ്റ് (എംഎസ്‌ഐഇഡി കിറ്റ്) നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് തളിപ്പറമ്പില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പ് നല്‍കി. ഭിന്നശേഷി കുട്ടികളുടെ ബുദ്ധിവികാസത്തിനും മറ്റ് വളര്‍ച്ചയ്ക്കും സഹായകരമാകുന്ന മസാജ് ബോള്‍, സ്റ്റെപ്പിംഗ് സ്റ്റോണ്‍, എയര്‍ കുഷ്യന്‍ തുടങ്ങിയ ഉപകരണങ്ങളാണ് കിറ്റിലുണ്ടാവുക.
കോറോം സ്വദേശി മനോജ് – രമ്യ ദമ്പതികളുടെ മകനായ യദുനന്ദ് പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഫിസിയോ തെറാപ്പിയും, സ്പീച്ച് തെറാപ്പിയും ചെയ്തു വരുന്നു. ഓട്ടോ ഡ്രൈവറായ മനോജിന്റെ വരുമാനം മാത്രമാണ് ആറംഗ കുടുംബത്തിന്റെ ഏക ആശ്രയം. കുട്ടിയുടെ ചികിത്സയ്ക്കായി നല്ലൊരു തുക ഇതിനോടകം ചെലവായിട്ടുണ്ട്. എം ആര്‍ കിറ്റ് ലഭ്യമാക്കുമെന്നറിഞ്ഞതോടെ ഏറെ പ്രതീക്ഷയിലാണ് കുടുംബം.