കണ്ണൂര്‍:  പഴയങ്ങാടി സ്വദേശികളായ ഗംഗയുടെയും ഭര്‍ത്താവ് രവീന്ദ്രന്റെയും ജീവിതത്തിലെ കഷ്ടപാടുകള്‍ക്കും വിഷമതകള്‍ക്കുമിടയില്‍ ചെറു പുഞ്ചിരി സമ്മാനിച്ചിരിക്കുകയാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നടന്ന അദാലത്ത്. മകന്‍ ശ്രീരാഗിന് എല്ലു പൊടിഞ്ഞു പോവുന്ന ഓസ്റ്റിയോജെനെസിസ് ഇംപെര്‍ഫെക്റ്റ എന്ന അപൂര്‍വ രോഗത്തിനു ചികിത്സയിലാണ്. സര്‍ക്കാരില്‍ നിന്നും സഹായം തേടിയായിരുന്നു അമ്മയും മകനും അദാലത്തില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ ചികിത്സാനിധിയില്‍ നിന്നും 25000 രൂപ സഹായമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അനുവദിച്ചു.

ജനിച്ചപ്പോള്‍ തന്നെ ശ്രീരാഗ് അസുഖബാധിതനായിരുന്നു. എന്നാല്‍ തന്റെ ഇച്ഛാശക്തി കൊണ്ട് ജീവിതത്തെ കരുത്തോടെ നേരിടാനായിരുന്നു ശ്രീരാഗിന്റെ തീരുമാനം. ഡിഗ്രി പഠനം വരെ എത്തിയ ഈ 25 കാരന് ഒരു അപകടം സംഭവിച്ചതിനു ശേഷം പഠനം തുടരാന്‍ കഴിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് ഇടുപ്പ് മാറ്റി വെയ്‌ക്കേണ്ടതായി വന്നു. ഇതിനായി ആറ് ലക്ഷത്തോളം രൂപ ചെലവായി. മാസം രണ്ടായിരത്തോളം രൂപ മരുന്നിനു മാത്രമായി വേണം. ആറ് മാസം കൂടുമ്പോള്‍ ഒരു ഇഞ്ചക്ഷന്‍ എടുക്കേണ്ടതായിട്ടുണ്ട്. മരുന്നിനും ആശുപത്രി ചെലവും അടക്കം 15000 രൂപയോളം രൂപ ചെലവ് വരും. മംഗലാപുരത്തു നിന്നാണ് ചികിത്സ. അച്ഛന്‍ രവീന്ദ്രന്‍ ഡ്രൈവറാണ്. അമ്മ ഗംഗ ബഡ്സ് സ്‌കൂളില്‍ സഹായി ആയി പോവുന്നുണ്ട്. ചികിത്സയ്ക്കായി ഏഴ് ലക്ഷം രൂപ ജില്ലാ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. ഇത് പലിശ സഹിതം വലിയ തുകയായി. ഒന്നര ലക്ഷം രൂപ ഉടന്‍ അടയ്ക്കാന്‍ ബാങ്കില്‍ നിന്നും നിര്‍ദ്ദേശം വന്നു. എല്ലാ സങ്കടങ്ങളും കേട്ട ആരോഗ്യമന്ത്രി ലോണ്‍ അടവ് ആറ് മാസത്തേക്ക് നീട്ടി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.