കണ്ണൂര്‍:  കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് ഇനി അനുജനെ ശുശ്രൂഷിച്ചു കൊണ്ടു ഹൗസ് സര്‍ജന്‍സി ചെയ്യാന്‍ അവസരം. ആരോഗ്യ  മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ലീമയ്ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി  നല്‍കിയത്. പഠനം പൂര്‍ത്തിയാക്കിയ കോളേജില്‍ തന്നെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെങ്കിലും സിസ്റ്റര്‍ ലീമയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞപ്പോള്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു.

പഠനം പൂര്‍ത്തിയാക്കിയ സമയത്താണ് ചെമ്പത്തൊട്ടി സ്വദേശിനി സിസ്റ്റര്‍ ലീമമാത്യുവിന് അച്ഛനമ്മമാരെ നഷ്ടപ്പെടുന്നത്. കര്‍ണാടകയില്‍ നിന്നും മകളെ കണ്ട് മടങ്ങുമ്പോള്‍ ഉണ്ടായ വാഹനാപകടത്തില്‍ അച്ഛനും അമ്മയും മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനുജന്‍ ലിന്‍സ് മാത്യുവിന്റെ ചികിത്സയ്ക്കും പരിചരണങ്ങള്‍ക്കുമായി ലീമക്ക്  നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. നാല് മേജര്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞ ലിന്‍സിന് ഒരു വര്‍ഷത്തിനിടെ ഇനിയും ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

2019ല്‍ എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ലിന്‍സിക്ക് പഠിച്ച യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഇന്റേണ്‍ഷിപ്പ് ചെയ്യാനാകാതെ വന്നപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് അപേക്ഷിക്കുകയായിരുന്നു. 2021 നവംബറില്‍ വരുന്ന ഒഴിവിലേക്ക് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന വിഷമത്തിലാണ് ലീമ അദാലത്തിലെത്തിയത്.

ചെമ്പത്തൊട്ടിയിലെ സിസ്റ്റേഴ്‌സ് ഓഫ് നസറേത്ത് മഠത്തില്‍ നിന്നും ലോംഗ് ലീവ് എടുത്ത്, ചികിത്സയില്‍ തുടരുന്ന  ലിന്‍സിനും ഇളയ അനുജന്‍ ലിറ്റിലിനും ഒപ്പം ഇപ്പോള്‍ വീട്ടില്‍ താമസിക്കുകയാണ് ലീമ.
എത്രയും പെട്ടെന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് തുടങ്ങാനുള്ള നിര്‍ദ്ദേശങ്ങള്‍ മന്ത്രി നല്‍കിക്കഴിഞ്ഞു. അനുജന്മാര്‍ക്ക് തണലായി നിന്ന് ഇന്റേണ്‍ഷിപ്പ് തുടരാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് സിസ്റ്റര്‍ ലീമ അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്.