പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫോട്ടോ- പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ‘അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം’ എന്ന പേരില്‍ ഫെബ്രുവരി 10 മുതല്‍ 14 വരെ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി തെരുവോര പ്രദര്‍ശനവും പപ്പറ്റ് ഷോയും സംഘടിപ്പിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 10 ന് രാവിലെ 11:30 ന് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയാകും. ഫെബ്രുവരി 10 ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരം, 11 ന് ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓപ്പണ്‍ ഓഡിറ്റോറിയം, 12 ന് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ്, 13 ന് ചിറ്റൂര്‍ അണിക്കോട് ടാക്‌സി സ്റ്റാന്‍ഡ്, 14 ന് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പരിസരം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെയാണ് പ്രദര്‍ശനം നടക്കുക.
വിവിധ വകുപ്പുകള്‍ മുഖേന സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഫോട്ടോയും പോസ്റ്ററുകളും 20 വീഡിയോകളും ഈ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. കേന്ദ്രസംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാര ജേതാവും പത്മശ്രീ രാമചന്ദ്ര പുലവരുടെ മകനുമായ രാജീവ് പുലവരുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പപ്പറ്റ് ഷോയാണ് നടക്കുക.
കിടാരി പാര്‍ക്ക്, ജീവാണു ജൈവവള ഗുണനിലവാര ശാല, ടൂറിസം, നെല്ലിയാമ്പതി ഓറഞ്ച് ഫാം, പട്ടയവിതരണം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ജില്ലാ ആശുപത്രി, എം.ഡി രാമനാഥന്‍ സാംസ്‌ക്കാരിക നിലയം, അപ്നാഘര്‍, മെഡിക്കല്‍ കോളേജ്, മൂലത്തറ റെഗുലേറ്റര്‍, കുന്നംകാട്ടുപതി ജലശുദ്ധീകരണ ശാല, സുഭിക്ഷ കേരളം, കെ.എസ്.ഇ.ബി, സാമൂഹിക പഠനമുറി, മുക്കാലി-ചിണ്ടക്കി റോഡ്, ന്യൂട്രീഷ്യന്‍ ക്ലിനിക്ക്, മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി, നെല്ല് സംഭരണം, കാര്‍ഷിക വികസനം, ക്ഷീരവികസനം, വ്യവസായം എന്നിവയാണ് ഫോട്ടോ-പോസ്റ്ററുകളില്‍ വിഷയീകരിച്ചിരിക്കുന്നത്.
നവകേരള മിഷന്‍ (ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം), ക്ഷീരവികസനം, കാര്‍ഷിക വികസനം, പാലക്കാട് ഗവ.മെഡിക്കല്‍ കോളെജ്, പൊതുമരാമത്ത് പാലം വിഭാഗം, ജലവിഭവം, വിനോദസഞ്ചാരം, പട്ടികവര്‍ഗ വികസനം, ജില്ലാ ആശുപത്രി, കുഴല്‍മന്ദം നായാടി കോളനി, മാരായമംഗലം ഫുട്ബോള്‍ ടര്‍ഫ്, കണ്ണമ്പ്ര വഴിയോര വിശ്രമ കേന്ദ്രം, കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രി, സാംസ്‌ക്കാരിക വകുപ്പ്, കൃഷി, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകള്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ വീഡിയോകളും പ്രദര്‍ശിപ്പിക്കുന്നതാണ്.
ജനങ്ങള്‍ക്ക് ധനസഹായം, വായ്പാ വിതരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കും
വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ധനസഹായം, വായ്പാവിതരണം ഉള്‍പ്പെടുന്ന ജനോപകാര പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അഞ്ച് പ്രദര്‍ശനകേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, പെന്‍ഷനുകള്‍, വായ്പകള്‍, ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷാ സമര്‍പ്പണമുള്‍പ്പെടെയുള്ള വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും ജനങ്ങള്‍ക്ക് ലഭ്യമാകും.
പത്മശ്രീ രാമചന്ദ്രപുലവരുടെ മകന്‍ രാജീവ് പുലവരും സംഘവും അവതരിപ്പിക്കുന്ന പപ്പറ്റ് ഷോ
ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനത്തോടൊപ്പം പത്മശ്രീ രാമചന്ദ്രപുലവരുടെ മകന്‍ രാജീവ് പുലവരും സംഘവും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന പപ്പറ്റ് ഷോയും അഞ്ച് പ്രദര്‍ശന കേന്ദ്രങ്ങളില്‍ അരങ്ങേറും. പൗരാണിക കാലം മുതല്‍ തന്നെ അനുഷ്ഠാനകലയായി പരിഗണിച്ചു പോന്നിരുന്ന പപ്പറ്റ് ഷോ ഇന്ന് സമകാലിക വിഷയങ്ങളാണ് പ്രതിപാദിച്ചു വരുന്നത്. ആദ്യകാലത്ത് ഭാരതപുഴയുടെ തീരങ്ങളില്‍ നടന്നുവന്നിരുന്ന പപ്പറ്റ് ഷോ കൂത്തുമാടങ്ങളിലായിരുന്നു അരങ്ങേറിയിരുന്നത്. കാലക്രമേണ കൂത്തുമാടങ്ങള്‍ ഇല്ലാതായതോടെ മറ്റ് വേദികളിലേയ്ക്ക് മാറുകയാണുണ്ടായത്.