പാലക്കാട്: കുട്ടികള് കൂടുതല് പീഡനത്തിനിരയാകുന്നത് കുടുംബങ്ങളില്: ഡോ. സുനിത കൃഷ്ണന്
കുട്ടികള്ക്ക് കുടുംബങ്ങളില് നിന്നും പീഡനം അനുഭവപ്പെടാറുണ്ടെന്നും കോവിഡ് കാലത്ത് ഇത്തരം പീഡനങ്ങള് അധികരിച്ചിട്ടുണ്ടെന്നും പ്രമുഖ സാമൂഹ്യ പ്രവര്ത്തക പത്മശ്രീ ഡോ. സുനിത കൃഷ്ണന് അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങള്ക്ക് ഇരകളാകുന്നവരുടെ ക്ഷേമത്തിനായി പ്രവര്ത്തിക്കുന്ന വിശ്വാസിന്റെയും പാലക്കാട് നഗരസഭ നോര്ത്ത്, സൗത്ത് സി. ഡി. എസുകളുടെയും സംയുക്താഭിമുഖ്യത്തില് കുടുംബശ്രീ പ്രവര്ത്തകര്ക്കായി സംഘടിപ്പിച്ച സ്ത്രീസുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള ബോധവത്കരണ പരിപാടി സ്ത്രീ ശക്തി ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്.
തൊഴില് സ്ഥലങ്ങളിലെ പീഡനങ്ങള് നിയമപരമായ ചെറുത്ത് നില്പ്പിലൂടെ മാത്രമേ തുടച്ചു നീക്കാന് സാധിക്കുകയുള്ളൂവെന്നും അവര് പറഞ്ഞു. വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ശാന്താദേവിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ് സ്വാഗതവും വിശ്വാസ് നിയവേദി സെക്രട്ടറി അഡ്വ. കെ. വിജയ നന്ദിയും പറഞ്ഞു. നഗരസഭ വൈസ് ചെയര്മാന് അഡ്വ ഇ. കൃഷ്ണദാസ്, സാമൂഹ്യ ക്ഷേമ സ്റ്റാന്ഡിങ്ങ് കമ്മിറ്റി ചെയര്പേഴ്സണ് ടി. ബേബി, വിശ്വാസ് വൈസ് പ്രസിഡന്റ് വി. പി. കുര്യാക്കോസ്, ട്രഷറര് ബി. ജയരാജന്, അഡ്വ. എന്. രാഖി, അഡ്വ. ആര്. ദേവീകൃപ എന്നിവര് സംസാരിച്ചു.