ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍:  ചരിത്രം മാറ്റിയെഴുതുന്ന, ചരിത്ര പുരുഷന്മാരെ തമസ്‌കരിക്കുന്ന വര്‍ത്തമാന കാലത്താണ് നാം ജീവിക്കുന്നതെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംരക്ഷിത സ്മാരകമാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളാണ് പുരാവസ്തു വകുപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്‌കൂള്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്നത്തെ കുട്ടികള്‍ ചരിത്രപരമായ ശേഷിപ്പുകളെക്കുറിച്ച് അറിയുന്നില്ല. വിദേശ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ നിന്നു പോലും ഗവേഷകര്‍ കേരളത്തിലെത്തി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തുന്നു. പക്ഷേ കേരളത്തിലുള്ളവര്‍ ബോധവാന്മാരല്ല- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. 185 ഓളം സംരക്ഷിത സ്മാരകങ്ങളാണ് ഇന്ന് പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയില്‍ ഉള്ളത്. ഇതില്‍ 16 എണ്ണം ഈ സര്‍ക്കാരിന്റെ കാലത്ത് പുതുതായി കൂട്ടിച്ചേര്‍ത്തതാണ്.  അതില്‍ മൂന്നെണ്ണം കണ്ണൂര്‍ ജില്ലയിലുമാണ്. ആറ് പുതിയ മ്യൂസിയങ്ങളുടെ പണിയും നടക്കുന്നുണ്ട്. വരും തലമുറക്ക് വേണ്ടി ചരിത്ര സ്മാരകങ്ങള്‍ അതിന്റെ തനിമ നിലനിര്‍ത്തി സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്തോ യൂറോപ്യന്‍ മാതൃകയിലാണ് പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മുഖമണ്ഡപം പണിതിരിക്കുന്നത്. ഉയരമുള്ള മേല്‍ക്കൂര, വ്യാസമേറിയതും ഉരുണ്ടതുമായ തൂണുകള്‍, ആര്‍ച്ചുകള്‍, വലിയ ജാലകങ്ങള്‍, വാതിലുകള്‍, നീളമുള്ള ഇടനാഴികള്‍, തറയോട് പാകിയ നിലം എന്നിവയും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇവയുടെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികളാണ് പുരാവസ്തു വകുപ്പ് നടത്തിയത്.

ജീര്‍ണാവസ്ഥയിലായിരുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ തനിമയും സൗന്ദര്യവും നഷ്ടപ്പെടുത്താതെ 47 ലക്ഷം രൂപ ചെലവിലാണ് പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍, കപുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, ഡിഇഒ പി പി സനകന്‍, കണ്ണൂര്‍ നോര്‍ത്ത് എഇഒ കെ പി പ്രദീപന്‍, പ്രിന്‍സിപ്പല്‍ എ എസ് ആശ, പ്രധാന അധ്യാപിക പി പി സുനിതകുമാരി, പിടിഎ പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.