കണ്ണൂര്‍ : ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് യോഗം ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട ആശയങ്ങളുടെ ചര്‍ച്ചാ വേദിയായി മാറി. കാര്‍ഷിക വികസനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, സാമൂഹ്യനീതി, ലിംഗസമത്വം, സ്ത്രീശാക്തീകരണം, കായിക രംഗം, സംരംഭകത്വം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വികസന സാധ്യതകളും അനിവാര്യതകളും യോഗത്തില്‍ ചര്‍ച്ചയായി. വാര്‍ഷിക പദ്ധതിയില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് ഇത്തരമൊരു ചര്‍ച്ച സംഘടിപ്പിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.

സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് പ്രാദേശിക തലത്തില്‍ ഹെല്‍പ്‌ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ആദ്യ സംരംഭകത്വ സൗഹൃദ ജില്ലയായി മാറാന്‍ കണ്ണൂരിന് കഴിയണം. കണ്ണൂരിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ജില്ലയുടെ തനത് കലാ-സാംസ്‌കാരിക പൈതൃകങ്ങളെ അവതരിപ്പിക്കുന്ന ഹെറിറ്റേജ് വില്ലേജും കാന്‍ഡ്‌ലൂം വില്ലേജും ഒരുക്കണം. ഹോം സ്‌റ്റേകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനം ലഭ്യമക്കുന്നതിന് സ്‌കില്‍ പാര്‍ക്ക്- ഫിനിഷിംഗ് സ്‌കൂള്‍ ഒരുക്കുക, കണ്ണൂര്‍ ജില്ലാ ആശുപത്രിയെ മള്‍ട്ടി സ്‌പെഷാലിറ്റി ആക്കി ഉയര്‍ത്തുക, കൂടുതല്‍ കായിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ അഭിപ്രായങ്ങള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി കെ വി ഹനീഷും പങ്കുവച്ചു.ഓട്ടിസം ബാധിച്ച കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ യുണിവേഴ്‌സിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി ജില്ലയിലെ സ്‌കൂളുകളെ ബന്ധിപ്പിക്കാന്‍ സാധിക്കുമെന്ന് യൂനിവേഴ്‌സിറ്റി ഐ ടി ഡയറക്ടര്‍ ഡോ. ആര്‍ കെ സുനില്‍ കുമാര്‍ പറഞ്ഞു. യൂനിവേഴ്‌സിറ്റി മാതൃകയില്‍ സോളാര്‍ എനര്‍ജി ഉപയോഗിച്ചുള്ള കംപ്യൂട്ടിംഗ് സമ്പദായം ജില്ലയില്‍ വ്യപകമാക്കണം.

ക്ലാസ്സ് റൂമുകള്‍ ഹൈടെക്കാകുന്നതിനോടൊപ്പം അതിനനുസരിച്ച പഠന വിഷയമങ്ങള്‍ തയ്യാറാക്കുന്ന കണ്ടന്റ് ലാബുകള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം നടപ്പിലാക്കിയെങ്കിലും ചെറിയ ക്ലാസ്സുകളിലെ കുട്ടികള്‍ക്കുണ്ടായ അക്കാദമിക് വിടവ് നികത്താന്‍ സംവിധാനം വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി സി പി ഹരീന്ദ്രന്‍ പറഞ്ഞു. കെ ഫോണ്‍ പദ്ധതിയുടെ പശ്ചാത്തലത്തില്‍ വനിതകള്‍ ഐടി അധിഷ്ഠിത തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ വേണം. കോഴിക്കോട് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് മയ്യഴിപ്പുഴയെ കുറിച്ച് പഠനം നടത്താന്‍ പദ്ധതി വേണം. കണ്ണൂരില്‍ ചെറുശ്ശേരിയുടെ പേരില്‍ ചരിത്രമ്യൂസിയം ആരംഭിക്കണമെന്നും ജില്ലയെ മലിനീകരണ രഹിത ജില്ലയാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ത്രീപദവി പഠനം നടത്തി സ്ത്രീകള്‍ക്ക് സ്ഥാപനങ്ങളില്‍ ലിംഗ നീതി ഉറപ്പു വരുത്തുക, ഭിന്നലിംഗക്കാരില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, പൊതു ഇടങ്ങളിലെ ടോയ്‌ലറ്റുകളുടെ പരിപാലനം കുറ്റമറ്റതാക്കുക തുടങ്ങിയ അഭിപ്രായങ്ങള്‍ പരിഷത്ത് പ്രതിനിധി പി പി സൗമിനി പറഞ്ഞു.ടൂറിസം കേന്ദ്രങ്ങളുടെ ഡിജിറ്റല്‍ മാപ്പിംഗ്, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സംരംഭകത്വ വികസനം, കുടുംബശ്രീയെ ഉള്‍പ്പെടുത്തിയുള്ള മാര്‍ക്കറ്റിംഗ് സംവിധാനം തുടങ്ങിയ കാര്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സേവനം ഉപയോഗപ്പെടുത്താന്‍ പദ്ധതി വേണമെന്ന് മൈസോണ്‍ പ്രതിനിധി കെ സുഭാഷ് ബാബു പറഞ്ഞു.
കാന്‍സര്‍ കെയര്‍ യൂണിറ്റ് എല്ലാ പഞ്ചായത്തുകളിലും വേണമെന്നും ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹ ജ്യോതി പദ്ധതി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും ഐആര്‍പിസി ചെയര്‍മാന്‍ പി എം സാജിദ് പറഞ്ഞു. കുട്ടിക്കുറ്റവാളികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടിവരുന്ന പശ്ചാത്തലത്തിലും കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് എസ്പിസി പ്രതിനിധി കെ രാജേഷ് പറഞ്ഞു. കായിക രംഗത്ത് ആദിവാസി മേഖലയില്‍ ക്യാമ്പുകള്‍ നടത്തി മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുക, എല്ലാ പഞ്ചായത്തിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുക തുടങ്ങിയ ആശയങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം മുന്നോട്ടു വച്ചു.

ജില്ലാ പഞ്ചായത്തിന്റെ വിവിധ ഫാമുകള്‍ കേന്ദ്രീകരിച്ച് സ്വന്തമായ ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കി വിപണനം നടത്താന്‍ പദ്ധതി വേണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ദിനകരന്‍ കൊമ്പിലാത്ത് പറഞ്ഞു. ജില്ലയിലെ ലൈബ്രറികളെ കൂടുതല്‍ ഡിജിറ്റല്‍ സൗഹൃദങ്ങളാക്കാനും ഇ വായന ശക്തിപ്പെടുത്താനും കൂടുതല്‍ നടപടികള്‍ വേണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന്റെ ആശയങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമങ്ങളുണ്ടാവണമെന്നും വാര്‍ഷിക പദ്ധതി രൂപീകരണത്തിന് ഓരോ മേഖലയിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി ചെറിയ യോഗങ്ങള്‍ ചേരണമെന്നും മാധ്യമപ്രവര്‍ത്തകന്‍ കെ ടി ശശി പറഞ്ഞു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ യു പി ശോഭ, അഡ്വ. ടി സരള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ തോമസ് വക്കത്താനം, സെക്രട്ടറി വി ചന്ദ്രന്‍, പ്ലാനിംഗ് ഓഫീസര്‍ പി പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.