Kerala’s Top 50 Policies and Projects-45

ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളതും ദൈനംദിന ഇടപെടൽ നടത്തുന്നതുമായ വകുപ്പുകളിൽ ഒന്നാണ് സർവേയും ഭൂരേഖയും വകുപ്പ്. സർവേ നടപടികൾ ലഘൂകരിക്കുന്നതിനും സർവേ സംബന്ധിച്ച എല്ലാ സേവനങ്ങളും വെബ് അധിഷ്ഠിതമാക്കാനും സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടെയും റീ സർവേ സമയബന്ധിതമായി പൂർത്തിയാക്കാനുമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. സർവേ പ്രവർത്തനങ്ങളിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് വകുപ്പ് ശ്രമിച്ചത്. ഈ നയങ്ങളിൽ ഏറ്റവും പ്രധാനമായ ജിയോ സ്‌പേഷ്യൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കുന്നത് ഇന്നത്തെ ലേഖനത്തിൽ വിവരിക്കാം.

ഭൂപരിപാലനത്തിന് കാലത്തിനനുസൃതമായ ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് നൂതന ജിയോ സ്‌പേഷ്യൽ സാങ്കേതിക വിദ്യയായ കണ്ടിന്വസ്‌ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ (സി.ഒ.ആർ.എസ്) സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 28 സി.ഒ.ആർ സ്റ്റേഷനുകൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനും അനുബന്ധ ഉപകരണമായ റിയൽ ടൈം കൈൻമാറ്റിക് (ആർ.ടി.കെ) വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. സർവേ ഓഫ് ഇന്ത്യ മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ നാവിഗേഷൻ സാറ്റലൈറ്റുകളെ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന സി.ഒ.ആർ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആർ.ടി.കെ മെഷീനുകൾ ഉപയോഗിച്ച് സർവേ നടത്തുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

ഇതിലൂടെ സർവേ പ്രവർത്തനങ്ങൾക്കാവശ്യമായ മാനവ വിഭവശേഷി ഗണ്യമായി കുറയ്ക്കുന്നതിനും സർവേ നടപടികൾക്ക് നേരിടുന്ന കാലതാമസം കുറയ്ക്കാനും കൂടുതൽ കൃത്യതയിൽ ജോലി നിർവഹിക്കാനും സാധിക്കുന്നു. പൂർണ്ണമായും ഡിജിറ്റൽ രീതിയിൽ സർവേ റെക്കാർഡുകൾ തയ്യാറാക്കുന്നതിനാൽ ഓൺലൈനിലൂടെ ഭൂ ഉടമകൾക്ക് സേവനം നൽകാനും സി.ഒ.ആർ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. സംസ്ഥാനത്ത് സി.ഒ.ആർ സ്ഥാപിക്കുന്ന നടപടി ത്വരിതഗതിയിൽ പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് മികച്ച സേവനം വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സി.ഒ.ആർ.എസ് സ്ഥാപിക്കുന്നത് കൂടാതെ സർവേ സംബന്ധിച്ച സമഗ്ര മേഖലകളിലും നവീകരണം നടപ്പാക്കുകയാണ് സർവേ വകുപ്പ്. ആധുനിക സർവേ ഉപകരണങ്ങളിൽ പരിശീലനം നൽകുന്നതിന് തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ പുതിയ സർവേ സ്‌കൂളുകൾ സ്ഥാപിച്ചു. തിരുവനന്തപുരം ജില്ലയിലേതിന് സമാനമായി കണ്ണൂരിലും മോഡേൺ ഗവൺമെന്റ് റിസർച്ച് സർവേ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സർവേ മേഖലയിലെ പഠനത്തിനും ഗവേഷണങ്ങളിലും വകുപ്പ് ദീർഘവീക്ഷണത്തോടെ നടത്തുന്ന പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. ഈ സർക്കാരിൻ്റെ കാലത്തേതുൾപ്പെടെ 908 വില്ലേജുകളുടെ റീസർവേ പൂർത്തിയാക്കി കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് വേഗത്തിൽ സേവനം നൽകാൻ കഴിയുന്ന തരത്തിൽ സർവേ വകുപ്പ് മാറ്റത്തിൻ്റെ പാതയിൽ അതിവേഗം മുന്നേറുകയാണ്.

#keralastop50policiesandprojects

#KeralaLeads