ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ആധുനിക നിലവാരത്തില്‍ പുതുതായി നിര്‍മ്മിച്ച പണി പൂര്‍ത്തിയാക്കിയ ഏഴ് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (6/2/2021) രാവിലെ 10മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള നാലാംഘട്ട ഉദ്ഘാടനമാണിത്. കിഫ്ബി- പ്ലാന്‍ ഫണ്ട് എന്നിവ വിനിയോഗിച്ച് നിര്‍മ്മിച്ച സ്‌കൂളുകളാണ് ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.

ജില്ലയിലെ ജി.എച്ച്.എസ്.എസ് ചേര്‍ത്തല സൗത്ത്, ജി.എസ്.എം.എം.ജി.എച്ച്.എസ്.എസ്. എസ്.എല്‍ പുരം, ജി.എച്ച്.എസ്.എസ് കിടങ്ങറ, ജി.യു.പി.എസ് നെടുമുടി സൗത്ത്, ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായംകുളം, ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷനല്‍ എച്.എസ്.എസ്. ചെങ്ങന്നൂര്‍, ഗവണ്‍മെന്റ് എസ്.എച്ച്.എസ്എസ് കുടശ്ശനാട് എന്നീ സ്‌കൂളുകളിലെ കെട്ടിങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലാകെ 165 കോടിയുടെ സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കിഫ്ബിയില്‍ നിന്നും തുക അനുവദിച്ചത്. ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളിലായി ഇതിനകം 100 കോടിയോളം രൂപ സ്‌കൂളുകളുടെ നിര്‍മ്മാണത്തിനായി വിനിയോഗിച്ചു കഴിഞ്ഞു. അഞ്ചുകോടിയുടെ 9 സ്‌കൂളുകള്‍, മൂന്നു കോടിയുടെ 16 സ്‌കൂളുകള്‍, ഒരു കോടിയുടെ 78 സ്‌കൂളുകള്‍ എന്നീ ക്രമത്തിലാണ് ജില്ലയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ഒരു സ്‌കൂളും രണ്ടാം ഘട്ടത്തില്‍ പത്ത് സ്‌കൂളുകളും മൂന്നാംഘട്ടത്തില്‍ ഒമ്പത് സ്‌കൂളുകളുമാണ് ജില്ലയില്‍ നിര്‍മ്മിച്ചത്. ചേര്‍ത്തല സൗത്ത് സ്‌കൂളിലെ ഉദ്ഘാടന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമനും, എസ്.എല്‍ പുരം സ്‌കൂളില്‍ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കും നേരിട്ട് പങ്കെടുക്കും. മറ്റു സ്‌കൂളുകളില്‍ എംപിമാരും എംഎല്‍എമാരും ഉദ്ഘാടനത്തില്‍ പങ്കെടുക്കും.

പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള രണ്ടു കോടി രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് ചേര്‍ത്തല സ്‌കൂളിലെ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ജി.എച്ച്.എസ്.എസ്. എസ്.എല്‍ പുരം സ്‌കൂളിലെ പുതിയ കെട്ടിടം കിഫ്ബിയില്‍ നിന്നുള്ള മൂന്നു കോടിയും ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 75 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള അഞ്ചു കോടി രൂപ വിനിയോഗിച്ചാണ് ജിഎച്ച്എസ്എസ് കിടങ്ങറ സ്‌കൂളിലെ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ജിയുപിഎസ് നെടുമുടി സൗത്ത് സ്‌കൂളിലെ കെട്ടിടം പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മിച്ചത്. കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഞ്ചു കോടിയാണ് കിഫ്ബിയില്‍ നിന്നും അനുവദിച്ചത്. ഇതില്‍ സ്‌കൂളിന്റെ ഭാഗമായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക.

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള ഒരു കോടി ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. കുടശ്ശനാട് ഗവണ്‍മെന്റ് എച്ച്എസ്എസ് സ്‌കൂളില്‍ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.