Kerala’s Top 50 Policies and projects-47

2018ലെ മഹാപ്രളയത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട കേരളത്തെ ആശ്വാസ തുരുത്തിലേക്ക് സുരക്ഷിതമായി എത്തിച്ചവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. സ്വന്തം വള്ളങ്ങളുമായി പ്രതിഫലം പ്രതീക്ഷിക്കാതെ കേരളത്തിൻ്റെ രക്ഷയ്ക്കായി നിസ്വാർത്ഥ സേവനം നടത്തിയതിലൂടെ കേരളത്തിൻ്റെ സ്വന്തം സൈന്യമായി മത്സ്യതൊഴിലാളികൾ മാറി. നിരന്തരം കടൽക്ഷോഭം നേരിടുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായ ഭവനം എന്നത് ഒരു സ്വപ്നമായി അവശേഷിക്കുകയായിരുന്നു. സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ വീടുകൾ എല്ലാം മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കാൻ സർക്കാർ സ്വീകരിച്ച പ്രധാന നയങ്ങളെ കുറിച്ച് ഇന്നത്തെ ലേഖനത്തിൽ വിശദമാക്കാം.

കടൽക്ഷോഭങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള ശാശ്വത പരിഹാരങ്ങളിൽ ഒന്നായിരുന്നു കടലിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായ മേഖലയിലേക്ക് മാറ്റി പാർപ്പിക്കുക എന്നത്.

മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഈ ആവശ്യം യാഥാർഥ്യമാക്കാൻ 2,450 കോടി രൂപയുടെ പുനർഗേഹം പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചത് .

18, 685 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1398 കോടി രൂപയും ഫിഷറീസ് വകുപ്പിൻ്റെ ബജറ്റ് വിഹിതത്തിൽ നിന്നും 1052 കോടി രൂപയും വകയിരുത്തി ആണ് പുനർഗേഹം പദ്ധതി ആവിഷ്കരിച്ചത്. കേരളത്തിൽ 50 മീറ്റർ വേലിയേറ്റ പരിധിയിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020- 21 മുതൽ 2021-22 വരെ മൂന്നു ഘട്ടമായാണ് പുനർഗേഹം പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ 8487 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക. രണ്ടും മൂന്നും ഘട്ടങ്ങളിൽ 5099 കുടുംബങ്ങളെ വീതവും പുനരധിവസിപ്പിക്കും.

മാറ്റി പാർപ്പിക്കുന്ന കുടുംബങ്ങൾക്ക് വ്യക്തിഗത വീടുകളും ഫ്ലാറ്റ് സമുച്ചയങ്ങളും ഒരുക്കാനാണ് പുനർഗേഹം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പുനർഗേഹം പദ്ധതി കൂടാതെ കഴിഞ്ഞ നാലുവർഷം മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വീട് നൽകുന്നതിന് നിരവധി സഹായങ്ങളാണ് ഫിഷറീസ് വകുപ്പ് മുഖേന സർക്കാർ നൽകിയത്.

ആദ്യ ഘട്ടത്തിൽ മത്സ്യതൊഴിലാളികൾക്ക് ഭവന നിർമ്മാണത്തിനുള്ള ധനസഹായം രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമായി വർദ്ധിപ്പിച്ചു. ഇതിലൂടെ കഴിഞ്ഞ നാലു വർഷത്തിനിടയിൽ 5457 കുടുംബങ്ങൾക്കാണ്സുരക്ഷിതമായ ഭവനങ്ങൾ നൽകിയത്.

4500 കുടുംബങ്ങളുടെ ഭവനങ്ങളുടെ പുനരുദ്ധാരണത്തിന് 50,000 രൂപ വീതം നൽകുകയും ചെയ്തു. 5477 കുടുംബങ്ങൾക്ക് ശുചിമുറി സൗകര്യം ലഭ്യമാക്കാൻ 20,000 രൂപ വീതം അനുവദിക്കുകയും ചെയ്തു. മുൻ ഭവനനിർമാണ പദ്ധതികളിൽ ധനസഹായം നൽകിയിട്ടും വീട് പൂർത്തിയാക്കാൻ സാധിക്കാത്ത 413 കുടുംബങ്ങൾക്ക് ലൈഫ്മിഷൻ മുഖേനെ വീട് പൂർത്തിയാക്കി നൽകി. ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 6436  ഭവനരഹിതരുടെയും ഭൂമിയും വീടും ഇല്ലാത്ത 7210 ഭൂരഹിത ഭവന രഹിതരുടെയും പട്ടിക തയ്യാറാക്കി ലൈഫ്മിഷൻ ധനസഹായത്തിന് ഫിഷറീസ് വകുപ്പ് ലഭ്യമാക്കി.

ഇത്തരം പദ്ധതികളിലൂടെ കേരളത്തിൻ്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായ താമസസ്ഥലം യാഥാർഥ്യമാക്കാൻ സുപ്രധാന ഭവന പദ്ധതികളാണ് കഴിഞ്ഞ നാലര വർഷത്തിനിടയിൽ സർക്കാർ നടപ്പിലാക്കിയത്

#keralastop50policiesandprojects

#KeralaLeads