മലപ്പുറം: അദാലത്ത് കഴിഞ്ഞ് 22 വയസുള്ള മകള്‍ ഷാഹിദയെ കോരിയെടുത്ത് തോളിലേക്കിടുന്നത് കണ്ട ആരും പറയും ഉമ്മ സാജിദയ്ക്ക് അവളൊരിക്കലുമൊരു ഭാരമാകില്ലെന്ന്. സ്വയം എഴുന്നേറ്റ് നടക്കാനോ മൂക്കിന് താഴെക്ക് നീങ്ങിയ മാസ്‌ക് ഒന്നുയര്‍ത്താനോ പോലും അവള്‍ക്കാവില്ല. എങ്കിലും സ്വന്തമായി ഒരു സംരംഭം തുടങ്ങി കുടുംബത്തിന് താങ്ങാകണമെന്ന അവളുടെ ആഗ്രഹത്തിന് സര്‍ക്കാരിന്റെ പിന്തുണ കൂടിയായപ്പോള്‍ ഒരു പുതുജീവിതത്തിനാണ് പൊന്നാനിയില്‍ നടന്ന സാന്ത്വനസ്പര്‍ശം അദാലത്ത് വേദിയായത്.

പേരശ്ശനൂര്‍ സ്വദേശിനിയായ സാജിദ ഒമ്പതാം വയസില്‍ മസില്‍ തേയ്മാനം വന്ന് തളര്‍ന്ന ഭിന്നശേഷിക്കാരിയായ തന്റെ മകള്‍ ഷാഹിദയ്ക്ക് ഒരു അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനായുള്ള സഹായം ലഭിക്കുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ പൊന്നാനിയില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കാനെത്തിയത്. ഷാഹിദയുടെ ആവശ്യം കേട്ട് മനസ്സിലാക്കിയ മന്ത്രി ഡോ. കെ.ടി ജലീല്‍ അക്ഷയ കേന്ദ്രത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഒരു ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കും മന്ത്രി നിര്‍ദേശിച്ചു.

പഠനത്തില്‍ മിടുക്കിയായ ഷാഹിദ 73 ശതമാനം മാര്‍ക്ക് നേടിയാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ ബിരുദാനന്തര ബിരുദത്തിനുള്ള ഒരുക്കത്തിലാണ്. അക്ഷയ കേന്ദ്രം ആരംഭിക്കാനായാല്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദാനന്തരബിരുദം ചെയ്യാനാണ് ഷാഹിദയുടെ തീരുമാനം.