മലപ്പുറം: സാന്ത്വന സ്പര്‍ശം അദാലത്തില്‍ പരാതികളുമായെത്തിയവര്‍ക്ക് കരുതലിന്റെ ഊഷ്മളത പകര്‍ന്ന് പൊന്നാനി എം.ഇ.എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. എന്‍.സി.സി കേഡറ്റുകളും എന്‍.എസ്.എസ് വളണ്ടിയര്‍മാരുമാണ് അദാലത്തില്‍ നിറസാന്നിധ്യമായി കയ്യടി നേടിയത്. അവശരായവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ആവശ്യമായ സഹായങ്ങളൊരുക്കാന്‍ വിദ്യാര്‍ഥി സംഘം മുന്നിട്ടിറങ്ങി. പ്രവേശന കവാടത്തില്‍ തന്നെ സേവന സജ്ജരായി എന്‍.സി.സി കേഡറ്റുകളുണ്ടായിരുന്നു.
ഭിന്നശേഷിക്കാരായവരെ പ്രത്യേക കരുതലോടെയാണിവര്‍ രജിസ്ട്രേഷന്‍ കൗണ്ടറിലും ബന്ധപ്പെട്ട പരാതി പരിഹാര കൗണ്ടറുകളിലുമെത്തിച്ചത്. ഭിന്നശേഷിക്കാരായവരെ വാഹനത്തില്‍ നിന്നിറക്കി വീല്‍ ചെയറുകളില്‍ മന്ത്രിമാരുടെ മുന്നിലെത്തിച്ച് തിരികെ യാത്രയാക്കുന്നതുവരെ കൂടെ നിന്നായിരുന്നു എന്‍.സി.സി കേഡറ്റുകളുടെ സേവനം. തളര്‍ന്നു പോയ മക്കളെയെടുത്ത് അദാലത്തിനെത്തിയ അമ്മമാര്‍ക്കും വിദ്യാര്‍ഥികളൊരുക്കിയ കരുതലിന്റെ സ്നേഹ സ്പര്‍ശം തണലായി. മുതിര്‍ന്ന പൗരന്മാര്‍ക്കും മറ്റും അപേക്ഷകള്‍ പൂരിപ്പിച്ചു നല്‍കിയും ഇവര്‍ സജീവമായി. ഇതിനൊപ്പം തിരക്ക് നിയന്ത്രിക്കാനും കോവിഡ് ജാഗ്രത ഉറപ്പു വരുത്താന്‍ സാനിറ്റൈസര്‍ വിതരണം ചെയ്തും പരാതിക്കാര്‍ക്ക് വിവിധ കൗണ്ടറുകളിലേക്ക് വഴി കാണിച്ചും എന്‍.എസ്.എസ് വളണ്ടിയര്‍മാരുമുണ്ടായിരുന്നു.
സാമൂഹ്യ അകലം ഉറപ്പാക്കാനും വിവിധ കൗണ്ടറുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാനും എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സേവനം സംഘാടകര്‍ക്ക് ആശ്വാസമായി. സേവന സജ്ജരായി രംഗത്തിറങ്ങിയ കുട്ടികളെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.ടി. ജലീല്‍, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു. എന്‍.സി.സി കേഡറ്റുകളുടേയും എന്‍.എസ്.എസ് വളണ്ടിയര്‍മാരുടേയും സേവനം മാതൃകാപരമായിരുന്നെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനും അഭിപ്രായപ്പെട്ടു. എം.ഇ.എസ് കോളജിലെ 18 എന്‍.സി.സി കേഡറ്റുകളും 10 എന്‍.എസ്.എസ് വളണ്ടിയര്‍മാരുമാണ് സാന്ത്വന സ്പര്‍ശം അദാലത്തില്‍ മുഴുവന്‍ സമയ സേവനവുമായുണ്ടായിരുന്നത്.