തൃശൂർ: ഗവ മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ എൻ അശോകന് ത്വക് രോഗ വിദഗ്ദ്ധരുടെ അഖിലേന്ത്യാ സംഘടനയായ ഐ എ ഡി വി എല്ലിന്റെ ദേശീയ ഓറേഷൻ അവാർഡ്. സാമൂഹിക തലത്തിൽ നടത്തുന്ന ഇടപെടലുകളിലൂടെ വയോജനങ്ങൾക്കിടയിൽ ത്വക് രോഗ ചികിത്സ വ്യാപകമാക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. തളിക്കുളം പഞ്ചായത്തില്‍, തളിക്കുളം വികാസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രായമായ വ്യക്തികൾക്കിടയിലാണ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. പ്രമേഹ രോഗികളുടെ ചര്‍മ്മ രോഗങ്ങള്‍ നിയന്ത്രിക്കുക, എക്സീമ രോഗികള്‍ക്ക് രോഗ നിര്‍ണയവും, ചികില്‍സയും ലഭ്യമാക്കുക എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ.അയ്യന്തോളിലെ പ്രത്യാശ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുതൂര്‍ക്കര ഡിവിഷനിലെ പ്രായമായ വ്യക്തികൾക്കു വേണ്ടിയും എക്സിമ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.