കണ്ണൂർ: ഭിന്നശേഷിക്കാര്‍ക്കായി നടന്ന നാഷണന്‍ ട്രസ്റ്റ് ഓണ്‍ലൈന്‍ ഹിയറിംഗില്‍ നിയമപരമായ 45 പേര്‍ക്ക് രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അനുമതിയായി. മുന്‍കൂട്ടി നിശ്ചയിച്ച 45 പേര്‍ക്കാണ്  ഓണ്‍ലൈന്‍ ഹിയറിംഗിലൂടെ രക്ഷാകര്‍തൃത്വത്തിന് അനുവാദം നല്‍കിയത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള നിരാമയ ഇന്‍ഷുറന്‍സിന് അപേക്ഷിച്ച മുഴുവന്‍ പേരേയും പരിഗണിച്ചു.
സ്വത്ത് സംബന്ധമായ ഒമ്പത് അപേക്ഷകള്‍ ഹിയറിംഗില്‍ പരിഗണിച്ചു. കൂടാതെ അര്‍ഹതപ്പെട്ടവര്‍ക്ക് ആശ്വാസകിരണം വികലാംഗ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, റേഷന്‍കാര്‍ഡ് എന്നിവ ലഭ്യമാക്കാനും നടപടിയായി.

ആറ് പേര്‍ക്ക് സ്‌പെഷല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും ക്ഷേമകാര്യ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഹിയറിംഗില്‍ നാഷണല്‍ ട്രസ്റ്റ് ജില്ലാ തല ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, നാഷണല്‍ ട്രസ്റ്റ് ജില്ലാതല കണ്‍വീനര്‍ പി കെ എം സിറാജ്, നാഷണല്‍ ട്രസ്റ്റ് സംസ്ഥാന തല കമ്മിറ്റി മെമ്പര്‍ പി സിക്കന്തര്‍, മെമ്പര്‍ സി പി ബിജു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.