എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡിന്റെ പേരിൽ ആശുപത്രി വികസന സമിതി വഴി സ്ഥിരം / കോൺട്രാക്ട്‌ ആയി ഇരുന്നൂറോളം നിയമനങ്ങൾ നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്നു സൂപ്രണ്ട് ഡോ. പീറ്റർ പി വാഴയിൽ പറഞ്ഞു . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജീവനക്കാരെ നൽകിയതും ഇവരുടെ ശമ്പളം നൽകുന്നതും ‌ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയാണ്‌.

മുന്നു മാസം വീതം ദിവസ വേതന താൽക്കാലിക നിയമനമാണിത് . മറിച്ചുള്ള പ്രചരണങ്ങൾ അസത്യവും വസ്തുതാവിരുദ്ധവുമാണ്. 2021 ഫെബ്രുവരി 8ന് നിയമങ്ങൾക്കുള്ള അഭിമുഖം നടത്താൻ പോകുന്നു എന്ന ചാനൽ വാർത്തകൾ വ്യാജമാണ്. കോവിഡ് പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ ഏറ്റവും മികച്ച സേവനമാണ് കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ്‌ നടത്തുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളിതുവരെ 5259 രോഗികൾക്ക് കിടത്തി ചികിൽസയും ഒ.പി യിൽ 16,764 രോഗികളേയും ചികിത്സിച്ചിട്ടുണ്ട്‌. ഇന്ത്യയിൽ തന്നെ ഒരു മെഡിക്കൽ കോളേജ്‌ പൂർണ്ണമായും കോഡിഡ് ‌ ചികിത്സക്കായി മാറ്റിവെച്ചതും കളമശ്ശേരി മെഡിക്കൽ കോളേജ് ആണെന്നും ഈ മാതൃകയാണ്‌ പിന്നീട്‌ രാജ്യമെങ്ങും സ്വീകരിച്ചത്. ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിന്റെ സൽപ്പേര്‌ തകർക്കാൻ വ്യാജപ്രചാരണങ്ങളാണ് ‌നടത്തുന്നതെന്നും സൂപ്രണ്ട് പറഞ്ഞു .