** 17 പേര്‍ക്കു സ്വന്തം ഭൂമിയുടെ രേഖകള്‍ നല്‍കി
** 108 പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ കൈമാറി
തിരുവനന്തപുരം:  സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ആദ്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയത് 1,30,23,000 രൂപയുടെ സഹായം. കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളുടെ പരാതികള്‍ പരിഹരിക്കാന്‍ നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അദാലത്തില്‍ ഓണ്‍ലൈനായും അക്ഷയ സെന്റുകളിലൂടെയും നല്‍കിയ 2,421 അപേക്ഷകളില്‍ 1,188 എണ്ണത്തില്‍ തീര്‍പ്പുണ്ടാക്കി. ശേഷിക്കുന്നവയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയും ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തിയും ഉടന്‍ തീരുമാനമെടുക്കും.
മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. കാട്ടാക്കട താലൂക്കില്‍ 966ഉം നെയ്യാറ്റിന്‍കരയില്‍ 1455ഉം പരാതികളാണ് അദാലത്തിലേക്ക് ഓണ്‍ലൈന്‍ മുഖേനയും അക്ഷയ സെന്ററുകള്‍ വഴിയും ലഭിച്ചത്. സ്വന്തമായി ഭൂമിയും കൈവശാവകാശ രേഖകളും ലഭിക്കുന്നതിന് അപേക്ഷിച്ച 17 പേര്‍ക്ക് അദാലത്തില്‍വച്ച് അവ വിതരണം ചെയ്തു. ഇതില്‍ നെയ്യാറ്റിന്‍കര താലൂക്കിലെ പത്തു പേര്‍ക്കും കാട്ടാക്കട താലൂക്കിലെ രണ്ടു പേര്‍ക്കും പട്ടയം നല്‍കി. കാട്ടാക്കട താലൂക്കിലെ അഞ്ചു പേര്‍ക്കു കൈവശാവകാശ രേഖകളും കൈമാറി. ബാക്കിയുള്ള അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താലൂക്ക് ഓഫിസുകള്‍ മുഖേന അവ നല്‍കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായം അഭ്യര്‍ഥിച്ച് ആകെ 1046 പരാതികളാണ് ലഭിച്ചത്. ഇതില്‍ കാട്ടാക്കട താലൂക്കില്‍ ലഭിച്ച 268 പരാതികളില്‍ മന്ത്രിമാരുടെ പരിശോധനയ്ക്കു ശേഷം 40,4,000 രൂപയുടെ ധനസഹായം വിവിധ അപേക്ഷകര്‍ക്കായി കൈമാറി. നെയ്യാറ്റിന്‍കര താലൂക്കില്‍ 778 അപേക്ഷകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിന് ലഭിച്ചത്. ഇവയില്‍ 90,19,000 രൂപയുടെ ധനസഹായവും നല്‍കി.
അന്ത്യോദയ അന്നയോജന, മുന്‍ഗണനാ വിഭാഗം എന്നീ ഇനങ്ങളില്‍പ്പെട്ട 108 റേഷന്‍ കാര്‍ഡുകള്‍ അദാലത്തില്‍ വിതരണം ചെയ്തു. കാട്ടാക്കട താലൂക്കില്‍ 63 പേര്‍ക്കും നെയ്യാറ്റിന്‍കര താലൂക്കില്‍ 45 പേര്‍ക്കുമാണ് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്. മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ടും നൂറുകണക്കിന് ആളുകളുടെ അപേക്ഷകളും പരാതികളും പരിഹരിച്ചു. മുന്‍കൂട്ടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ അപേക്ഷകള്‍ അതതു വകുപ്പുകളുടെ സ്റ്റാളുകളില്‍നിന്ന് അപേക്ഷകര്‍ നേരിട്ടു കൈപ്പറ്റി.
അദാലത്ത് വേദിയില്‍ നേരിട്ട് അപേക്ഷ നല്‍കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇങ്ങനെ ലഭിച്ച 3241 പരാതികളില്‍ 1097 എണ്ണത്തില്‍ നടപടി പൂര്‍ത്തിയായി. ബാക്കിയുള്ളവ വകുപ്പുതലത്തില്‍ ക്രോഡീകരിച്ച് ഉടന്‍ തീരുമാനമുണ്ടാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
സാന്ത്വന സ്പര്‍ശം അദാലത്ത് ഇന്ന് (09 ഫെബ്രുവരി) ആറ്റിങ്ങലില്‍
സാന്ത്വന സ്പര്‍ശം അദാലത്ത് ഇന്ന് ആറ്റിങ്ങലില്‍ നടക്കും. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകള്‍ക്കായി ആറ്റിങ്ങല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അദാലത്ത് നടത്തുന്നത്. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.
രാവിലെ ഒമ്പതു മുതല്‍ 12.30 വരെ വര്‍ക്കല താലൂക്കിലേയും രണ്ടു മുതല്‍ 5.30 വരെ ചിറയിന്‍കീഴ് താലൂക്കിലേയും പരാതികളാണു പരിഗണിക്കുന്നത്. വര്‍ക്കല താലൂക്കില്‍ 604ഉം ചിറയിന്‍കഴ് താലൂക്കില്‍ 913ഉം അപേക്ഷകളാണ് അക്ഷയ സെന്റര്‍ മുഖേനയും ഓണ്‍ലൈനായി നേരിട്ടും ലഭിച്ചിട്ടുള്ളത്.
കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ആറ്റിങ്ങലിലും അദാലത്ത് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ എത്തുന്ന മുഴുവന്‍ ആളുകളെയും വേദിയുടെ പ്രധാന കവാടത്തില്‍ ശരീര ഊഷ്മാവ് പരിശോധിച്ചാകും കടത്തിവിടുക. കൈകള്‍ സാനിറ്റൈസ് ചെയ്യും. അക്ഷയ സെന്ററുകളിലൂടെ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ തങ്ങളുടെ പരാതിയുമായി ബന്ധപ്പെട്ട വകുപ്പിന്റെ സ്റ്റാളിലേക്കാണു ചെല്ലേണ്ടത്. അവിടെ ഡോക്കറ്റ് നമ്പര്‍ പറഞ്ഞാല്‍ അപേക്ഷയുടെ തീര്‍പ്പുമായി ബന്ധപ്പെട്ട രേഖ നല്‍കും. മന്ത്രിതലത്തില്‍ തീര്‍പ്പാക്കേണ്ട പരാതികള്‍ ഉണ്ടെങ്കില്‍ അത്തരം പരാതിക്കാരെ പ്രത്യേക ടോക്കണ്‍ നല്‍കി മന്ത്രിമാര്‍ ഇരിക്കുന്ന ഭാഗത്തേക്കു പോകാന്‍ അനുവദിക്കും. അദാലത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ അക്ഷയ സെന്ററില്‍നിന്നുള്ള ഡോക്കറ്റ് നമ്പര്‍ നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ശ്രദ്ധേയമായി പി.ആര്‍.ഡിയുടെ വികസന ഫോട്ടോ എക്‌സിബിഷന്‍
സാന്ത്വന സ്പര്‍ശം അദാലത്ത് വേദിയില്‍ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ വികസന ഫോട്ടോ എക്സിബിഷന്‍ ശ്രദ്ധേയമായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തിരുവനന്തപുരം ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികളുടെ നേര്‍ച്ചിത്രമാണ് ഈ എക്‌സിബിഷന്‍.
കൃഷി, വ്യവസായം, വാണിജ്യം, ഐടി, സാമൂഹിക മേഖലകളില്‍ സര്‍ക്കാര്‍ നടത്തിയ വികസനവുമായി ബന്ധപ്പെട്ട അറുപതോളം ചിത്രങ്ങളാണ് എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വികസന പദ്ധതികള്‍ അനാവരണംചെയ്ത് പി.ആര്‍.ഡി. തയാറാക്കിയ വിഡിയോ ചിത്രങ്ങള്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ന് അദാലത്ത് നടക്കുന്ന ആറ്റിങ്ങല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പ്രദര്‍ശനമുണ്ടാകും.