കാസർഗോഡ്: ജനങ്ങളുടെ കാലങ്ങളായുള്ള പരാതികള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യ അദാലത്ത് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനില്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ ദീര്‍ഘകാലമായുള്ള പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് റവന്യുഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അദാലത്തിലേക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. ഇങ്ങനെ ലഭിച്ച പരാതികള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പരിശോധിച്ച് പരിഹരിക്കാന്‍ സാധിക്കുന്നവയെല്ലാം പരിഹരിച്ചുവെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചുവെന്നും പല കാരണങ്ങളാല്‍ ആശ്വാസം ലഭിക്കാന്‍ അവശേഷിക്കുന്നവരെയും പ്രശ്‌ന പരിഹാരത്തിന് സാധിക്കാത്തവരെയും പരിഗണിച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ദീര്‍ഘകാലമായ പരിഹരിക്കപ്പെടാത്ത ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സാന്ത്വന സ്പര്‍ശമാവുകാവുക എന്നതാണ് അദാലത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന അദാലത്തില്‍ എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകള്‍ക്കായാണ് കാഞ്ഞങ്ങാട് അദാലത്ത്. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകള്‍ക്കായി ചൊവ്വാഴ്ച രാവിലെ 10 മുതല്‍ കാസര്‍കോട് ടൗണ്‍ഹാളിലാണ് അദാലത്ത്.