മൂന്ന് താലൂക്കുകളിലെ പൊതുജന പരാതികള്‍ക്ക് തീര്‍പ്പൊരുക്കി കൊണ്ടോട്ടിയില്‍ സാന്ത്വന സ്പര്‍ശം അദാലത്ത്

മലപ്പുറം: കൊണ്ടോട്ടി, ഏറനാട്, തിരൂരങ്ങാടി താലൂക്കുകളിലെ പൊതുജന പരാതികള്‍ക്ക് നേരിട്ട് പരിഹാരം കണ്ടെത്തി കൊണ്ടോട്ടിയില്‍ നടന്ന ‘സാന്ത്വന സ്പര്‍ശം’ അദാലത്ത് ജനകീയമായി. മേലങ്ങാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അദാലത്ത് തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജനജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലും പരാതികളിലുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വികസനത്തോടൊപ്പം പൊതുജന ക്ഷേമവും പ്രശ്ന പരിഹാരവും സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. പ്രയാസമനുഭവിക്കുന്ന എല്ലാവര്‍ക്കും ആശ്വാസമേകുന്നതിനായാണ് സാന്ത്വന സ്പര്‍ശം അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ നേരിട്ടറിയിക്കുന്ന പരാതികള്‍ക്കെല്ലാം സാധ്യമായ തീര്‍പ്പ് ഉറപ്പാക്കുമെന്നും സാങ്കേതിക പ്രശ്നങ്ങളുള്ള പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.

 

ക്ഷേമ പ്രവര്‍ത്തനങ്ങളും വികസനവും സമന്വയിപ്പിച്ച് മുന്നോട്ട് പോകാനായതാണ് സംസ്ഥാന സര്‍ക്കാറിന്റെ ജനകീയതക്ക് ആധാരമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ന്യൂനപക്ഷ ക്ഷേമ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു. മഹാപ്രളയവും ഓഖി, നിപ, കോവിഡ് തുടങ്ങി വലിയ പ്രതിസന്ധികളെയും അതിജീവിക്കുന്നതിനൊപ്പം സ്വപ്ന തുല്യ വികസനം സംസ്ഥാനത്ത് നടപ്പാക്കാനായിട്ടുണ്ട്. മലയാളി മനസിന്റെ ഐക്യ ബോധത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാറൊരുക്കിയ കരുതലിന്റെ ഗുണഫലം എല്ലാവരിലും എത്തിക്കാനായെന്നും സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങള്‍ കൂടി തീര്‍പ്പാക്കുന്നതിലൂടെ വികസനത്തിലും ക്ഷേമത്തിലും നവ മാതൃകയാണ് കേരളം സൃഷ്ടിക്കുകയെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു.

പരാതികളില്ലാത്ത ജനതയുടെ തൃപ്തിയാണ് സര്‍ക്കാറിന്റെ കൈമുതലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങളോടൊപ്പം നിന്ന് നാടിനെ നയിക്കുമ്പോള്‍ സാധാരണക്കാരുടെ പ്രശ്നങ്ങളും പരാതികളും നേരിട്ടറിഞ്ഞ് പരിഹരിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നു. ദീര്‍ഘ വീക്ഷണത്തോടെ ആധുനിക കേരളത്തെ കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നതെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കൊണ്ടോട്ടി താലൂക്കില്‍ ഉള്‍പ്പെട്ടവരായ കാളോത്ത് മാട്ടില്‍ ഫാത്തിമ, മുസ്ല്യാരങ്ങാടി സ്വദേശികളായ അത്തിവളപ്പില്‍ ജമീല, കുറ്റിപ്പാലംകുന്ന് ജമീല, ഓമാനൂര്‍ സ്വദേശി ആരിഫ കാവുങ്ങല്‍ക്കണ്ടി, കൊണ്ടോട്ടി സ്വദേശി നസീറ മണ്ണിങ്ങചാലില്‍, തിരൂരങ്ങാടി താലൂക്കിലെ വേങ്ങര സ്വദേശി കാഞ്ഞോളിപ്പടിക്കല്‍ കാര്‍ത്തി എന്നിവര്‍ക്ക് അന്ത്യോദയ അന്നയോജന വിഭാഗത്തിലുള്ള പുതിയ റേഷന്‍ കാര്‍ഡുകള്‍ ചടങ്ങില്‍ മന്ത്രി കെ.ടി. ജലീല്‍ വിതരണം ചെയ്തു.

 

2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ വിമാന ദുരന്തമുണ്ടായപ്പോള്‍ കോവിഡ് ആശങ്കകള്‍ക്കിടയിലും രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാര്‍ക്ക് ഉദ്ഘാടന വേദിയില്‍ വിമാനത്താവള അതോറിറ്റി ആദരമര്‍പ്പിച്ചു. നാട്ടുകാരേയും വിവിധ വകുപ്പുകളേയും ഏകോപിപ്പിച്ച് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് വിമാനത്താവള അതോറിറ്റിയുടെ ഉപഹാരം ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സമ്മാനിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ, ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍ അബീന പുതിയറക്കല്‍, എ.ഡി.എം ഡോ. എം.സി. റെജില്‍ എന്നിവര്‍ സംസാരിച്ചു.

 

പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ടോക്കണുകള്‍ നല്‍കി ഊഴമിട്ടാണ് പരാതികള്‍ നല്‍കാന്‍ അവസരം നല്‍കിയത്. ഭിന്ന ശേഷിക്കാരായവരുടെ പരാതികള്‍ മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തിലും മറ്റ് പരാതികള്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുമാണ് നേരിട്ട് പരിഗണിച്ച് തീര്‍പ്പ് നിര്‍ദേശിച്ചത്. താലൂക്ക് അടിസ്ഥാനത്തില്‍ റവന്യൂ, സാമൂഹിക നീതി, ആരോഗ്യം, പൊതുവിദ്യാഭ്യാസം, വ്യവസായം, കാര്‍ഷിക വികസന കര്‍ഷക ക്ഷേമം, തദ്ദേശസ്വയംഭരണം, ഫിഷറീസ്, കെ.എസ്.ഇ.ബി, വനിത-ശിശുവികസനം, സിവില്‍ സപ്ലൈസ്, തൊഴില്‍, വാട്ടര്‍ അതോറിറ്റി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, ലീഡ് ബാങ്ക്്, ഐടി, പൊലീസ്, പട്ടികജാതി-പട്ടിക വര്‍ഗ വികസനം, മോട്ടോര്‍ വാഹനം, വനം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, രജിസ്ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുടെ പരാതി പരിഹാര കൗണ്ടറുകളില്‍ 920 ഉദ്യോഗസ്ഥരും പരാതികള്‍ പരിശോധിക്കാനുണ്ടായിരുന്നു. അദാലത്തിനെത്തുന്നവരെ സഹായിക്കാന്‍ പ്രവേശന കവാടത്തില്‍ തന്നെ ഹെല്‍പ്പ് ഡെസ്‌ക്കും സജ്ജീകരിച്ചിരുന്നു. അപേക്ഷകള്‍ പൂരിപ്പിച്ചു നല്‍കാന്‍ വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കിയതും അദാലത്തിനെത്തിയവര്‍ക്ക് ആശ്വാസമായി.