സര്‍ക്കാറിന്റെ കരുതലായി കുടുംബത്തിന് ധനസഹായവും

മലപ്പുറം: ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന മൊറയൂര്‍ ഒഴുകൂരിലെ റഫീദക്കും മുഷീദിനും ഇനി വലിയ ടെലിവിഷന്‍ സ്‌ക്രീനില്‍ മാറി മറിയുന്ന ചിത്രങ്ങളും വര്‍ണ്ണങ്ങളും ആസ്വദിച്ച് വിശ്രമിക്കാം. കൊണ്ടോട്ടിയില്‍ നടന്ന സംസ്ഥാന സര്‍ക്കാറിന്റെ സാന്ത്വന സ്പര്‍ശം അദാലത്തിനെത്തിയപ്പോള്‍ കൊണ്ടോട്ടി, ഏറനാട്, തിരൂരങ്ങാടി താലൂക്കുകളിലെ ജീവനക്കാരുടെ കൂട്ടായ്മയാണ് 19 വയസുകാരായ ഇരട്ടകള്‍ക്ക് സ്നേഹ സാന്ത്വനമായി ടെലിവിഷന്‍ സമ്മാനിച്ചത്. അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ അപ്രതീക്ഷിതമായി ഉദ്യോഗസ്ഥരുടെ സമ്മാനം കൈമാറിയപ്പോള്‍ കുടുംബത്തിന്റെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ ന്യൂനപക്ഷ ക്ഷേമ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ ഇടപെടലോടെ കുടുംബത്തിന് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10,000 രൂപയും അനുവദിച്ചു.

മാളിയേക്കല്‍ മുഹമ്മദിന്റേയും സഫിയയുടേയും ഇളയ മക്കളാണ് റഫീദയും മുഷീദും. ഓട്ടിസം തളര്‍ത്തിയ റഫീദയേയും സെറിബ്രല്‍ പാള്‍സി ബാധിച്ച് സാധാരണ ജീവിതം അന്യമായ മുഷീദിനേയും ചികിത്സിക്കാനും പരിചരിക്കാനും സൗദിയില്‍ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ മുഹമ്മദ് മുറുക്കാന്‍ കട നടത്തിയാണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയില്‍ നിന്നു ലഭിക്കുന്ന ചികിത്സയിലാണ് റഫീദയും മുഷീദും. ടെലിവിഷനില്‍ ചലന ചിത്രങ്ങളും വര്‍ണ്ണങ്ങളും ആസ്വദിക്കുന്ന മക്കള്‍ക്ക് വലിയ ടെലിവിഷന്‍ സ്‌ക്രീന്‍ ലഭിക്കാനുള്ള സാധ്യത തേടി മാതാവ് സഫിയ കൊണ്ടോട്ടി താലൂക്കില്‍ എത്തിയിരുന്നു. ഇതറിഞ്ഞാണ് മൂന്ന് താലൂക്കുകളിലേയും ജീവനക്കാരുടെ കൂട്ടായ്മ ടെലിവിഷന്‍ സെറ്റ് വാങ്ങി നല്‍കാന്‍ തീരുമാനിച്ചത്.

 

അദാലത്തില്‍ മകള്‍ റഫീദയുമായെത്തിയ സഫിയയോട് കുടുംബത്തിന്റെ മറ്റാവശ്യങ്ങളും മന്ത്രി ഡോ. കെ.ടി. ജലീല്‍ ചോദിച്ചറിഞ്ഞു. ബുദ്ധിപരമായ വൈകല്യം നേരിടുന്ന മക്കളെ ചികിത്സാവശ്യത്തിനും മറ്റും കൊണ്ടുപോകാന്‍ വാഹനം ലഭ്യമാക്കണമെന്നും കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് അന്ത്യോദയ അന്നയോജന വിഭാഗത്തിലേക്ക് മാറ്റണമെന്നുമായിരുന്നു ആവശ്യം. പരാതി പരിഗണിച്ച മന്ത്രി അടിയന്തരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10,000 രൂപ അനുവദിക്കാന്‍ നടപടി സ്വീകരിക്കുകയും റേഷന്‍ കാര്‍ഡ് സംബന്ധമായ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പൊതു വിതരണ വകുപ്പിനു കൈമാറുകയും ചെയ്യുകയായിരുന്നു. വാഹനം അനുവദിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പിനും നിര്‍ദ്ദേശം നല്‍കി.

പരാതി അനുഭാവപൂര്‍വം പരിഗണിച്ചു: