പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിച്ച് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ ജനപ്രതിനിധികള്‍ക്കു പ്രധാന പങ്കുവഹിക്കാനാകുമെന്നു പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ‘ഭക്ഷണം ഔദാര്യമല്ല, അവകാശമാണ്’ എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് കേരളാ ഭക്ഷ്യ കമ്മീഷന്‍ നടത്തുന്ന സംസ്ഥാന തല ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാതല ബോധവല്‍ക്കരണ, ജനസമ്പര്‍ക്ക പരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മറ്റ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അര്‍ഹതപ്പെട്ട റേഷന്‍ ലഭിച്ചില്ലെങ്കില്‍ ഉള്‍പ്പെടെ ശക്തമായ നടപടി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എന്നാല്‍ നിയമത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം കുറവാണ്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു റേഷന്‍ ഉറപ്പാക്കുന്നതിനായി അവക്ക് അവബോധം സൃഷ്ടിക്കുന്നതില്‍ അതത് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കു നിര്‍ണ്ണായക പങ്ക് വഹിക്കാനാകും. ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം റേഷന്‍ മേഖലയില്‍ കംപ്യൂട്ടര്‍വല്‍ക്കരണവും സുതാര്യതയും ഉറപ്പാക്കാന്‍ സാധിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കു പുതുതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷര്‍ക്ക് ഭക്ഷ്യ ഭദ്രതാ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനാണു കേരളാ ഭക്ഷ്യ കമ്മീഷന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍ അധ്യക്ഷതവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു പുതുതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ മെമ്പര്‍ അഡ്വ.ബി.രാജേന്ദ്രന്‍ നയിച്ചു.
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ കെ.ദിലീപ്കുമാര്‍, വി. രമേശന്‍, വിജയ ലക്ഷ്മി, എഡിഎം ഇ.മുഹമ്മദ് സഫീര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹനകുമാര്‍, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ആര്‍.നിഷാ നായര്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.