പത്തനംതിട്ട: മല്ലപ്പുഴശേരി പഞ്ചായത്തിലെ പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സ് ഉദ്ഘാടനത്തിനൊരുങ്ങിയതായി വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബ്, ഗിഫ്റ്റ് ഹാച്ചറി, എക്സ്റ്റന്‍ഷന്‍ കം ട്രെയിനിംഗ് സെന്റര്‍, അവയര്‍നെസ് സെന്റര്‍ എന്നിവയാണ് പന്നിവേലിച്ചിറയില്‍ പുതിയതായി നിര്‍മിച്ചിട്ടുള്ളത്. കൂടാതെ പന്നിവേലിച്ചിറ കാര്‍പ്പ് ഹാച്ചറിയുടെ വിപുലീകരണവും എട്ട് മണ്‍കുളങ്ങളുടെ നവീകരണം, ചുറ്റുവേലി സ്ഥാപിക്കല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായും കേരളത്തിലെതന്നെ ആദ്യ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

ഉള്‍നാടന്‍ മത്സ്യ ഉല്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1956-ല്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ വളര്‍ത്തുമത്സ്യങ്ങളെ കൂടാതെ അലങ്കാര മത്സ്യ ഉല്പാദനം, വിപണനം എന്നിവയും ഇവിടെയുണ്ട്. ഉള്‍നാടന്‍ മത്സ്യകൃഷിയിലെ പ്രധാന ഇനങ്ങളായ കാര്‍പ്പ് മത്സ്യവിത്തുകളുടെ ലഭ്യതയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍പ്പ് ഹാച്ചറിയില്‍ 1976 മുതല്‍ കാര്‍പ്പ് മത്സ്യങ്ങളുടെ പ്രേരിത പ്രജനനത്തിലൂടെയുള്ള വിത്തുല്പാദനം നടന്നുവരുന്നു. കട്‌ല, രോഹു, മൃഗാള്‍, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ് എന്നിവയുടെ കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ചു കര്‍ഷകര്‍ക്കു വിതരണം ചെയ്തുവരുന്നു. കൂടാതെ ഗിഫ്റ്റ് മത്സ്യ കുഞ്ഞുങ്ങളെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ വിജയവാഡയില്‍ നിന്നും എത്തിച്ച് റിയര്‍ ചെയ്ത് മത്സ്യകര്‍ഷകര്‍ക്കു നല്‍കുന്നു. ഇതുകൂടാതെ ചിത്രലാട കുഞ്ഞുങ്ങളെയും മത്സ്യകര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നു.

അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബ്

ശുദ്ധജല മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് മത്സ്യകര്‍ഷകര്‍ക്കു വളരെയേറെ പ്രയോജനപ്രദമായ ഒരു സംരംഭമാണ് അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബ്. പന്നിവേലിച്ചിറ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് സെന്ററിനായി 65 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ജലം, മണ്ണ് എന്നിവ പരിശോധിക്കല്‍, മൈക്രോ ബയോളജി, ഹിസ്റ്റോപതോളജി, മോളിക്യുലാര്‍ ഡയഗ്നോസിസ് എന്നിവയും ഇവിടെ നടന്നുവരുന്നു. യഥാസമയത്തുള്ള രോഗനിര്‍ണയത്തിലൂടെ കര്‍ഷകര്‍ക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടത്തെ ലഘൂകരിക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു.

കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതിയിലൂടെ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകളായ ബയോഫ്‌ളോക്ക്, ആര്‍.എ.എസ് കൃഷി രീതികള്‍ക്ക് ഏറ്റവും അനുയോജ്യമായ മത്സ്യ ഇനമാണ് ഗിഫ്റ്റ് തിലോപ്പിയ. പദ്ധതിയുടെ ഭാഗമായി 32 ലക്ഷം ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളയാണു സംസ്ഥാന വ്യാപകമായി ആവശ്യമുള്ളത.് നടപ്പു സാമ്പത്തിക വര്‍ഷത്തെ ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളുടെ ആവശ്യകത 1.75 കോടിയാണ. ഫിഷറീസ് വകുപ്പ് ഗിഫ്റ്റ് മത്സ്യത്തിന്റെ വന്‍തോതിലുള്ള വിത്തുല്പ്പാദനം ലക്ഷ്യമിട്ടു പ്രതിവര്‍ഷം 50 ലക്ഷം ഉല്്പാദനക്ഷമതയില്‍ ഗിഫ്റ്റ് ഹാച്ചറികള്‍ വിവിധ ജില്ലകളില്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണു കേരളത്തിലെ തന്നെ രണ്ടാമത്തെ ഹാച്ചറി പന്നിവേലിച്ചിറയില്‍ ഒരുക്കിയത്.

ആദ്യത്തെ ഗിഫ്റ്റ് ഹാച്ചറി നെയ്യാര്‍ഡാമിലാണു പൂര്‍ത്തികരിച്ചത്. നബാര്‍ഡിന്റെ സഹായത്തോടെ അഞ്ചു കോടി രൂപ ചെലവിട്ട് തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന ആധുനിക സാങ്കേതിക മേന്മയുള്ള ഹാച്ചറിയാണു പന്നിവേലിച്ചിറയില്‍ ഒരുക്കിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിനു പുറമെ അത്യാധുനിക രീതിയിലുളള ഹാച്ചറി ഉപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഗിഫ്റ്റ് (തിലോപ്പിയ) വിത്തുല്പാദത്തിനാവശ്യമായ ജാര്‍ ഹാച്ചിങ്ങ് യൂണിറ്റ്, എഫ്.ആര്‍.പി ടാങ്കുകള്‍, യു.വി ഫില്‍ട്രേഷന്‍ സിസ്റ്റം, റീ സര്‍ക്കുലേഷന്‍ സിസ്റ്റം, റാപ്പിഡ് സാന്റ് ഫില്‍റ്റര്‍, സ്ലോ സാന്റ് ഫില്‍റ്റര്‍, ബ്ലോവറുകള്‍, ഇ.ടി.പി, അഞ്ച് സെന്റ് വീതമുള്ള മൂന്നു നഴ്‌സറി കുളങ്ങള്‍, ബ്രൂഡ് മത്സ്യക്കുളങ്ങള്‍ എന്നിവ ഒരുക്കിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി ബയോസെക്യൂരിറ്റി രീതികള്‍ അവലംബിച്ച് നിര്‍മ്മിച്ച ഹാച്ചറിയുടെ ഉല്പാദനലക്ഷ്യം പ്രതിവര്‍ഷം 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളാണ്.

ചൈനീസ് സര്‍ക്കുലര്‍ മാതൃകയില്‍ ഹാച്ചറി

ചൈനീസ് സര്‍ക്കുലര്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഹാച്ചറിയാണു പന്നിവേലില്‍ ഹാച്ചറിയിലെ മത്സ്യവിത്തുത്പാദനത്തിന്റെ പ്രധാനഭാഗം. ഫാമിന്റെ ആകെ വിസ്തീര്‍ണം 8.67 ഹെക്ടര്‍ ആണ്. ഇതില്‍ 7.24 ഹെക്ടര്‍ കുളങ്ങളും ബാക്കി 1.43 ഹെക്ടര്‍ കരപ്രദേശവുമാണ്. കട്‌ല, രോഹു, മൃഗാല്‍ തുടങ്ങിയ ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് മത്സ്യങ്ങളുടേയും സൈപ്രിനസ് തുടങ്ങിയ എക്‌സോട്ടിക്ക് വിഭാഗത്തില്‍പ്പെട്ടവയുടേയും പ്രജനനം ഈ ഫാമില്‍ നടത്തിവരുന്നു. കാര്‍പ്പ് റിയറിംഗിനായി 45.9 സെന്റ് സിമന്റ് കുളങ്ങളും 100 സെന്റ് മണ്‍കുളങ്ങളും ഉപയോഗിക്കുന്നു. 115 സെന്റ് മണ്‍കുളങ്ങളില്‍ പൊരുന്നു മത്സ്യങ്ങളെ വളര്‍ത്തുന്നു.

ആര്‍.ജി.സി.എയില്‍ നിന്നും ഗിഫ്റ്റ് തിലാപ്പിയ ഫ്രൈ ഫാമില്‍ എത്തിക്കുകയും രണ്ടാഴ്ചത്തെ നഴ്‌സറി പരിപാലനത്തിനുശേഷം ഫിംഗര്‍ലിംഗ്‌സ് ആയ മത്സ്യക്കുഞ്ഞുങ്ങള്‍ ലൈസന്‍സുള്ള കര്‍ഷകര്‍ക്കു വിതരണം നടത്തുകയും മത്സ്യ കര്‍ഷകര്‍ക്കും സയന്‍സ് – ഫിഷറീസ് ഗവേഷണ വിദ്യാര്‍ഥികള്‍ക്കും പരിശീലന പരിപാടികള്‍, ഗവണ്‍മെന്റ്-ഗവണ്‍മെന്റിതര ഏജന്‍സികള്‍ നടത്തുന്ന വിവിധ മേളകളില്‍ വളര്‍ത്തുമത്സ്യ-അലങ്കാരമത്സ്യ പ്രദര്‍ശനങ്ങള്‍ എന്നിവയും ഇവിടെ നടത്തുന്നുണ്ട്.

എക്സ്റ്റന്‍ഷന്‍ കം ട്രെയിനിംഗ് സെന്റര്‍

മത്സ്യകര്‍ഷകര്‍ക്കു പരിശീലനം നല്‍കുന്നതിനായി ആധുനിക സജ്ജീകരണങ്ങളുള്ള പരിശീലന കേന്ദ്രത്തിനായി പന്നിവേലിച്ചിറയില്‍ സര്‍ക്കാര്‍ 84 ലക്ഷം രൂപ ചെലവില്‍ എക്സ്റ്റന്‍ഷന്‍ കം ട്രെയിനിംഗ് സെന്റര്‍ നിര്‍മ്മിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനയാണു നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിലവില്‍ 40 കര്‍ഷകര്‍ക്കുവരെ ഒരേസമയം ഈ സെന്ററില്‍ ഏകദിന പരിശീലനം നല്‍കാന്‍ കഴിയും. കൂടാതെ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ഈ ട്രെയിനിംഗ് സെന്ററില്‍ പരിശീലനം ഓണ്‍ലൈനായി നല്‍കാനുള്ള സംവിധാനവുമുണ്ട്.

അവയര്‍നെസ് സെന്റര്‍

അവയര്‍നെസ് സെന്റര്‍, സെയില്‍സ് കൗണ്ടര്‍ എന്നിവ 32.5 ലക്ഷം രൂപ ചെലവിലാണു നിര്‍മ്മിച്ചത്. ദിവസേന ധാരാളം മത്സ്യകര്‍ഷകര്‍ വിവരങ്ങള്‍ അറിയാനായി നേരിട്ട് ഓഫീസിലെത്തുകയോ ഫോണ്‍ വഴി ബന്ധപ്പെടുകയോ ചെയ്യുന്നു. അവര്‍ക്കെല്ലാം ആവശ്യമായ വിവരങ്ങള്‍ കൈമാറുന്നുണ്ട്. കൂടാതെ ജലത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കും മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട് മത്സ്യങ്ങളില്‍ കണ്ടു വരുന്ന വിവിധതരം രോഗങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും ഇവിടെ എത്തുന്നു.