കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയ്ക്കാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്നും എല്ലാ രംഗങ്ങളിലും മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വികസന മുന്നേറ്റമാണ് നടക്കുന്നതെന്നും എം.സ്വരാജ് എം.എല്‍.എ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ സുഗമമായ ലഭ്യത മുതല്‍ വര്‍ധിച്ച തോതിലുള്ള സാമൂഹ്യ പെന്‍ഷന്റെ ആനൂകൂല്യമുള്‍പ്പെടെ ജനങ്ങള്‍ക്കെല്ലാം ഈ വികസന നേട്ടം അനുഭവിക്കാന്‍ കഴിയുന്ന കാലഘട്ടമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലയുടെ മുഖച്ഛായ മാറ്റിയ പദ്ധതികളെക്കുറിച്ചും വികസന നാള്‍വഴികളെക്കുറിച്ചും തുറന്ന സംവാദത്തിന് വേദിയൊരുക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 10 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ജനസഭ പള്ളുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യ ജീവിതത്തിലെ സമസ്ത മേഖലകളിലും ഇടപെട്ട് അര്‍ത്ഥവത്തായ ഒരു ജീവിതം സാധ്യമാക്കാന്‍ ഏറെ പരിശ്രമിച്ച ഈ സര്‍ക്കാരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ പി.എസ്.സിവഴി നടത്തിയതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ പറഞ്ഞു. നരിവധി പേര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നിയമനം നടത്തി. 27,000 ത്തോളം പുതിയ തസ്തികകള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗര സഭ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗം എം. ശ്രീജിത്ത്, പള്ളുരുത്തി ബ്ലോക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാബു തോമസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി.സേതുരാജ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.കെ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പള്ളുരുത്തി ഇ.കെ.നാരായണന്‍ സ്‌ക്വയറില്‍ നടത്തിയ ജനസഭയില്‍ ജനങ്ങളുടെ ജീവിതത്തില്‍ പ്രളയത്തിനും മഹാമാരികള്‍ക്കും ഇടയിലും പോസീറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, , വികസനോന്മുഖ ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കേരള വികസനത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മല്‍സരത്തില്‍ അമൃതയ്ക്ക് ഒന്നാം സ്ഥാനവും, റാണി ജോണിന് രണ്ടാം സ്ഥാനവും, അജന്തയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ബുധനാഴ്ച വൈകിട്ട് 4ന് കൊച്ചിയിലും ഫെബ്രുവരി 11ന് രാവിലെ 10ന് ഏലൂരിലും വൈകീട്ട് നാലിന് കുറുമശ്ശേരിയിലും ഫെബ്രുവരി 12 ന് രാവിലെ 10ന് കീഴ്മാടും വൈകീട്ട് നാലിന് രായമംഗലത്തും 13 ന് രാവിലെ 10ന് മുവാറ്റുപുഴയിലും വൈകീട്ട് 4ന് കരിമുഗളും 14 ന് രാവിലെ 10ന് തൃപ്പൂണിത്തുറയിലും വൈകീട്ട് 4ന് ഞാറക്കലിലും ജനസഭ അരങ്ങേറും.
