എറണാകുളം: വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ജനാഭിലാക്ഷങ്ങള്‍ നിറവേറ്റിയ സര്‍ക്കാരാണെന്ന് കെ.ജെ മാക്‌സി എം.എല്‍.എ പറഞ്ഞു. എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫോര്‍ട്ട് കൊച്ചി ഈരവേലയില്‍ സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് ആശ്വാസമെത്തിക്കുന്നതിനൊപ്പം ഓരോ പ്രദേശത്തിന്റെയും വികസനത്തിന് കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും സര്‍ക്കാര്‍ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ പി.എം ഇസ്മുദീന്‍ അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി.സേതുരാജ്, സി.പി.എം മട്ടാഞ്ചേരി ഏരിയ സെക്രട്ടറി എം.എ ആഷിക്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.കെ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ നടപ്പാക്കിയ പദ്ധതികളെ അവലംബിച്ച് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനും ജനസഭ വേദിയായി. തുടര്‍ന്ന് നടത്തിയ വികസന ക്വിസ് മത്സരത്തില്‍ നേടിയ ഷമീന റഫീഖ് ഒന്നാം സ്ഥാനവും പി.എ യാസ്മിന്‍ രണ്ടാം സ്ഥാനവും അമര്‍ യാസിര്‍ മൂന്നാം സ്ഥാനവും നേടി. സി.കെ സനല്‍ മോഡറേറ്റര്‍ ആയിരുന്നു.