കണ്ണൂർ: നവീകരിച്ച ആലപ്പടമ്പ -പേരൂല്‍ – മാതമംഗലം റോഡ് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ചിലര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇച്ഛാശക്തിയോടെയാണ് സര്‍ക്കാര്‍ ജനകീയ ഇടപെടലുകള്‍ നടത്തുന്നതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
എട്ട് കോടി രൂപ ചെലവിലാണ് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് നവീകരണ പ്രവൃത്തികള്‍ നടപ്പാക്കിയത്.
എരമം നോര്‍ത്ത് സ്‌കൂള്‍ പരിസരത്ത് നടന്ന പരിപാടിയില്‍ സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. കെ പി രമേശന്‍ തുടങ്ങിയവര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ ബിനോയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.