തൃശ്ശൂർ: കേരളത്തിലെ പ്രധാന ഊർജ്ജ പ്രസരണ കേന്ദ്രമായി മാറാൻ തയ്യാറെടുക്കുകയാണ് മാടക്കത്തറ. സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ പ്രഥമ 400 കെ. വി. ട്രാൻസ്മിഷൻ ലൈൻ മാടക്കത്തറയിൽ നിന്നുമാണ് ആരംഭിക്കുന്നത്. മാടക്കത്തറയിൽ നിന്നും അരീക്കോട്ടേക്ക് നിർമ്മിച്ചു നൽകുന്ന ട്രാൻസ്മിഷൻ ലൈൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഇന്ന് ഉച്ചയ്ക്ക് 12ന് നാടിന് സമർപ്പിക്കും. നിലവിലുള്ള മാടക്കത്തറ -മലാപ്പറമ്പ് 220 കെവി ലൈൻ 220 കെവി ഡബിൾ സർക്യൂട്ടാക്കി നല്ലളം വരെ നിർമ്മിച്ചതിന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം മുഖ്യമന്ത്രി നിർവ്വഹിക്കും.
400 കെ വി മാടക്കത്തറ സബ് സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അദ്ധ്യക്ഷനാകും. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ടി എൻ പ്രതാപൻ എം പി, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, വൈദ്യുത മേഖലയിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ഏറനാട് ലൈൻസ് പാക്കേജിൽ ഉൾപ്പെടുത്തി പി എസ് ഡി എഫ് ഫണ്ടുപയോഗിച്ചാണ് പദ്ധതി പൂർത്തികരിച്ചിട്ടുള്ളത്. പുതിയ 400/220 കെവി മാടക്കത്തറ – അരീക്കോട് ലൈൻ നിർമ്മിച്ചിരിക്കുന്നത് നിലവിലുണ്ടായിരുന്ന 220 കെ വി മാടക്കത്തറ – മലാപറമ്പ് -അരീക്കോട് ലൈനിന്റെ അതേ റൂട്ടിൽ അധികമായി ഭൂമി ഏറ്റെടുക്കാതെയാണ്.പ്രസ്തുത ലൈൻ പ്രവർത്തനസജ്ജമാകുന്നതോടെ 400 കെവി മാടക്കത്തറ സബ്സ്റ്റേഷൻ 3565 എംവിഎ ശേഷിയുള്ള ശക്തമായ പവർ ഹബ്ബ് ആയി മാറും. സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിച്ച്, പവർ കട്ട് ഒഴിവാക്കി ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി അവശ്യാനുസരണം ഇടതടവില്ലാതെ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാരും കെഎസ്ഇബി ലിമിറ്റഡും സംയുക്തമായി പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുള്ളത്.

കെഎസ്ഇബിയുടെ ട്രാൻസ്ഗ്രിഡ്- 2.0 പദ്ധതിയിലൂടെ 2017 ഒക്ടോബറിൽ ആരംഭിച്ച പദ്ധതി 2018-19 വർഷങ്ങളിലെ പ്രളയം, കോവിഡ് 19 തുടങ്ങിയ പ്രതിസന്ധികൾക്കിടയിലും റെക്കോർഡ് വേഗത്തിലാണ് പൂർത്തീകരിച്ചത്. 89 കിലോമീറ്ററോളം ദൈർഘ്യമുള്ള, ഈ ലൈൻ 2000 മെഗാവാട്ട് പ്രസരണശേഷിയുള്ളതും അതിനൂതന സാങ്കേതിക വിദ്യയായ ആട്ടോമാറ്റിക് സിസ്റ്റംകൺട്രോൾ വഴിയുമാണ് നിയന്ത്രിക്കുന്നത്. കേരളത്തിന്റെ വടക്കൻ ജില്ലകളായ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഗുണമേന്മയുള്ള വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധ്യമാകും. പി എസ് ഡി എഫ് ഫണ്ടും കെ എസ് ഇ ബി യുടെ തനതു ഫണ്ടും ഉൾപ്പെടെ 521 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പ്രസ്തുത ലൈൻ വഴി 2000 മെഗാവാട്ട് അധിക വൈദ്യുതി കേരളത്തിലേയ്ക്ക് കൊണ്ട് വരുന്നതിന് സാധിക്കുന്നു. പദ്ധതിയോടൊപ്പം ഈയടുത്ത് യാഥാർത്ഥ്യമായ പിജിസിഐ എല്ലിന്റെ ഉടമസ്ഥതയിലുള്ള മാടക്കത്തറയിലെ 2000 എംഡബ്ല്യൂ ശേഷിയുള്ള എച്ച് വിഡിസി സബ് സ്റ്റേഷനും 165.7 കി മീ ദൈർഘ്യമുള്ള പുഗലൂർ – മാടക്കത്തറ ലൈനുകളും കൂടിയാകുമ്പോൾ മാടക്കത്തറ കേരളത്തിന്റെ പ്രധാന ഊർജ്ജ പ്രസരണ കേന്ദ്രമായി മാറും.