തൃശ്ശൂർ: ദൈനംദിന ജീവിതത്തിൽ
അളവ്- തൂക്കങ്ങളുടെ പ്രാധാന്യം ഏറ്റവും കൂടുതൽ അറിയുന്നവർ സാധാരണ ജനങ്ങളാണ്. ജനങ്ങൾക്ക് നിത്യോപയോഗ വസ്തുക്കളുടെ കൃത്യത ഉറപ്പുവരുത്തുക എന്ന ദൗത്യവുമായി തൃശൂർ ലീഗൽ മെട്രോളജി ഭവനിൽ ആധുനിക ലാബ് ഒരുക്കിയിരിക്കുകയാണ് ലീഗൽ മെട്രോളജി വകുപ്പ്. നിർമാണം പൂർത്തിയാക്കിയ കേരളത്തിലെ രണ്ടാമത്തെ സെക്കന്ററി സ്റ്റാൻഡേർഡ് ലാബോറട്ടറി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഒളരിയിലെ ലീഗൽ മെട്രോളജി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന സർക്കാരിന്റെ താല്പര്യം സംരക്ഷിക്കാൻ ഇത്തരം സാങ്കേതിക സംവിധാനങ്ങൾ സഹായകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പി തിലോത്തമൻ പറഞ്ഞു.ഉപഭോക്തൃ സംസ്ഥാനം എന്ന നിലയ്ക്ക് ലീഗൽ മെട്രോളജി വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ അതീവ പ്രാധാന്യമുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ അഭിപ്രായപെട്ടു.ലീഗൽ മെട്രോളജി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലവും കാര്യക്ഷമാവുമാക്കുന്നതിനാണ് സെക്കന്ററി സ്റ്റാൻഡേർഡ് ലബോറട്ടറി തൃശൂർ ലീഗൽ മെട്രോളജി ഭവനിൽ സജ്ജീകരിച്ചിരിക്കുന്നത്.

2018ലെ ഉത്തരവ് പ്രകാരം ഒരുകോടിയോളം രൂപ ചിലവിലാണ് കെട്ടിടവും ലാബും ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ ലബോറട്ടറി പ്രവർത്തനക്ഷമമാകുന്നതോടെ സമീപ ജില്ലകളിലെ ലീഗൽ മെട്രോളജി ഓഫീസുകളിൽ ഉപയോഗിക്കുന്ന വർക്കിങ് സ്റ്റാൻഡേർഡ് ഉപകരണങ്ങളുടെ കാലികവും, കൃത്യവുമായ പുനപരിശോധന കാലതാമസം കൂടാതെ നിർവഹിക്കാനാകും.ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ,വാർഡ് കൗൺസിലർ സജിത ഷിബു, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.