കണ്ണൂർ:‍‍ സര്ക്കാര് ഐ ടി ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചതായി തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പന്ന്യന്നൂര്‍ ഗവ. ഐ ടി ഐക്കായി കിഴക്കെ പന്ന്യന്നൂരില്‍ നിര്‍മ്മിക്കുന്ന ആധുനിക കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ടത്തില്‍ 12 ഐ ടി ഐകളെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക. ബാക്കിയുള്ളവയെ ഘട്ടംഘട്ടമായി ഉയര്‍ത്തും. ക്യാമ്പസുകളെ ഹരിത വത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒട്ടേറെ നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രധാന മേഖലകളില്‍ ഉയര്‍ന്നുവരുന്ന പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യുവതലമുറയെ സജ്ജമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഐ ടി ഐകളും വ്യവസായ സംരംഭങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കി നൈപുണ്യവികസന സാധ്യത വിപുലമാക്കണമെന്നും  മന്ത്രി പറഞ്ഞു.
കൊവിഡ് സാഹചര്യത്തില്‍ നമ്മുടെ സമൂഹം ഡിജിറ്റല്‍ സമൂഹമായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ്സ് മുറികളെല്ലാം സ്മാര്‍ട്ട്  ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തും നൂതന സാങ്കേതിക വിദ്യകള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

ഐ ടി ഐകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് മികച്ച ഇടപെടല്‍ നടത്താന്‍ കഴിയുമെന്നും വിദ്യാര്‍ഥികളെ പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. പന്ന്യന്നൂര്‍ ഐ ടി ഐ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ സോളാര്‍ സംവിധാനം ഒരുക്കി അതുവഴി ക്യാമ്പസിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ജനകീയ പങ്കാളിത്തത്തോടെയും സഹകരണത്തോടെ യാഥാര്‍ഥ്യമാക്കിയ രണ്ട് ഏക്കറിലാണ് പന്ന്യന്നൂര്‍ ഐ ടി ഐ കെട്ടിടം നിര്‍മ്മിക്കുന്നത്. 2018 ലാണ് നാല് ട്രേഡുകളോടുകൂടി തലശ്ശേരി മണ്ഡലത്തില്‍ തല്‍കാലിക കെട്ടിടത്തില്‍ ഗവ ഐ ടി ഐ പ്രവര്‍ത്തനമാരംഭിച്ചത്. ആധുനിക കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിന് 6.25 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായി. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സികെ അശോകന്‍, ജില്ല പഞ്ചായത്തംഗം ഇ വിജയന്‍ മാസ്റ്റര്‍, ജനപ്രതിനിധികള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ ഇ കുഞ്ഞബ്ദുള്ള, തുടങ്ങിയവര്‍ പങ്കെടുത്തു.