കണ്ണൂർ: ഭാവി തലമുറയ്ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പെരിങ്ങോം ഗവ. ഐ ടി ഐ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഐ ടി ഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യവസായ പരിശീലന കേന്ദ്രങ്ങളായി മാറുകയാണ്. ആഗോള തലത്തില്‍ തൊഴില്‍ വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന പരിശീലന, നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളാണ് ഐ ടി ഐകളിലൂടെ നടപ്പാക്കുക. ഐ ടി ഐ ട്രെയിനികളെ പ്രാദേശിക വികസന പ്രക്രിയകളില്‍ പങ്കാളികളാക്കും. തൊഴിലില്ലാത്ത ഒരാള്‍ പോലും കേരളത്തില്‍ ഉണ്ടാവരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. ഐ ടി ഐ ട്രേഡുകളില്‍ തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് മാറ്റം വരുത്തും. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി വിദഗ്ദ്ധ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിന് പ്രഥമ പരിഗണനയാണ് കേരള സര്‍ക്കാര്‍, ഐ ടി ഐ കളിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നത്. പുതുതായി 22 ഐ ടി ഐ കളാണ്  കേരളത്തില്‍ ആരംഭിച്ചത്. ഇതില്‍ 17 ഐ ടിഐകള്‍ പ്രവര്‍ത്തനം തുടങ്ങി. അഞ്ച് ഐ ടി ഐകള്‍ ഉദ്ഘാടനത്തിനൊരുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2010 ല്‍ ജില്ലയിലെ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് അനുവദിച്ച വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പെരിങ്ങോം ഐ ടി ഐക്ക് വേണ്ടി, പെരിങ്ങോം പിഡബ്ല്യുഡി  റസ്റ്റ് ഹൗസിന് എതിര്‍വശത്തായി സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കറിലാണ് കെട്ടിടം  നിര്‍മ്മിച്ചിരിക്കുന്നത്.  3.5 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. പെരിങ്ങോം സി ആര്‍ പി എഫ്  ക്യാമ്പ് മേധാവി പി പി പോളി മുഖ്യാതിഥിയായി. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ടി തമ്പാന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി രവീന്ദ്രന്‍, വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ പി ശിവശങ്കരന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി ഡബ്‌ള്യുഡി കെട്ടിടവിഭാഗം തലശ്ശേരി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ ജിഷാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.