⭕ *പുത്തൻ സാങ്കേതിക വിദ്യകളോടെ കുട്ടികൾക്ക് ലോകം ചുറ്റാം*

⭕ *ഉദ്ഘാടനം 12 ന്*

തൃശ്ശൂർ: പനങ്ങാട് ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി ക്ലാസ് മുറിയിലിരുന്ന് ചന്ദ്രനിലെത്താം. ഇറങ്ങി നടക്കാം. ചുറ്റും ചന്ദ്രനിലെ കാഴ്ചകൾ മാത്രം. ചന്ദ്രനിൽ മാത്രമല്ല, ലോകത്തെവിടെയുമുള്ള വസ്തുതകൾ കണ്ടും കേട്ടും യാഥാർത്ഥ്യമാക്കാൻ ഉതകുന്ന വെർച്വൽ റിയാലിറ്റി ലാബ് കൊടുങ്ങല്ലൂരിൽ യാഥാർത്ഥ്യമാകുകയാണ്.
പുത്തൻ സാങ്കേതിക വിദ്യയുടെ ലോകം കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ പനങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ലാബ് യാഥാർഥ്യമാകുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണശാല ഒരു സ്കൂളിന് സ്വന്തമാകുന്നത്. റിയാലിറ്റി ലാബിന്റെ ഉദ്‌ഘാടനം ഫെബ്രു. 12 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിക്കും.

ലോകത്തെവിടെയുമുള്ള സംഭവ പരമ്പരകൾ ചിത്രീകരിച്ച് അതിന് തനിമ നൽകുകയാണ് വെർച്വൽ റിയാലിറ്റി ലാബിലൂടെയും ഓഗ്മെന്റഡ് റിയാലിറ്റി ലാബിലൂടെയും സാധ്യമാകുന്നത്. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സന്ദർശിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്ക് അവ വെർച്വൽ ലോകത്ത് കാണിച്ചു കൊടുക്കുകയാണ് പഠനത്തിന്റെ ഭാഗമായി ഈ ഒക്കുലസ് എന്ന ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിലൂടെ ആദ്യഘട്ടത്തിൽ അനുഭവ വേദ്യമാക്കുന്നത്. കേട്ടും കണ്ടും സ്പർശിച്ചും ഉപകരണങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ഇത് സാധ്യമാക്കുന്നു. മനുഷ്യ നിർമിതവും അല്ലാതെയുമുള്ള ശില്പങ്ങൾ, സ്മാരകങ്ങൾ, സംഭവങ്ങൾ തുടങ്ങിയ അത്ഭുതങ്ങൾ ഇനി ക്ലാസ് മുറിയിൽ ഇരുന്നുകൊണ്ട് നേരിട്ടു കാണാം. ദശലക്ഷങ്ങൾ വിലവരുന്ന ലാബിന് വേണ്ടിയുള്ള ഉപകരണങ്ങൾ സ്കൂളിനായി ലഭ്യമാക്കിയത് സ്കൂളിലെ ഒരുകൂട്ടം പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്. പൂർവ വിദ്യാർത്ഥികളായ പി കെ അശോകൻ, പുത്തൻകാട്ടിൽ സുഭാഷ്, പുത്തൻകാട്ടിൽ സുരേഷ് എന്നിവർ നേതൃത്വം നൽകുന്ന പുത്തൻകാട്ടിൽ കുഞ്ഞിക്കോരു ഫൗണ്ടേഷൻ ട്രസ്റ്റിലൂടെയാണ് ഇവർ തങ്ങളുടെ സ്‌കൂളിന് വേണ്ടി ഇത്തരമൊരു സജ്ജീകരണം ലഭ്യമാക്കിയത്. ലാബ് സ്കൂളിൽ സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യ പ്രധാനം ചെയ്തത് ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ് എന്ന സ്ഥാപനമാണ്.

എന്താണ് വി ആറും എ ആറും?

ദൃശ്യശ്രാവ്യ മേഖലകളിലെ പുത്തൻ സാങ്കേതികവിദ്യകളാണ് വെർച്വൽ റിയാലിറ്റിയും (വി ആർ), ഓഗ്മെന്റഡ് റിയാലിറ്റിയും (എ ആർ). എവിടെ ഇരുന്ന് വേണമെങ്കിലും വിവിധ കാഴ്ചകളോ സംഭവങ്ങളോ ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ച് 360 ഡിഗ്രി കാഴ്ച സാധ്യമാകുന്ന തരത്തിൽ കംപ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമാണ് വി ആർ. യഥാർത്ഥ വസ്തുക്കളെയും കംപ്യൂട്ടർ സഹായത്താൽ നിർമിക്കുന്ന ചിത്രങ്ങളെയും കൂട്ടിച്ചേർത്ത് യഥാർത്ഥ കാഴ്ചാനുഭവം തരുന്ന സാങ്കേതികവിദ്യയാണ് ഒ ആർ.