കണ്ണൂർ:‍ സര്ക്കാരിന് നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതിയെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് മലയോര ഹൈവേയുടെ പൂര്‍ത്തീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയോര മേഖലയിലെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2018ലുണ്ടായ പ്രളയവും പേമാരിയും നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയെങ്കിലും പിന്നീട് സമയബന്ധിതമായി പണി പൂര്‍ത്തിയാക്കിയാണ് ഈ വന്‍കിട പദ്ധതി യാഥാര്‍ഥ്യമാക്കിയത്. മലയോര ഹൈവേയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണം ഏറെ ആഹ്ലാദജനകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ ചെറുപുഴ പുതിയ പാലം മുതല്‍ വള്ളിത്തോട് വരെ 49 കിലോമീറ്റര്‍ ഹൈവേയുടെ പണിയാണ് പൂര്‍ത്തിയാക്കിയത്. ഊരാളുങ്കല്‍ ലേബര്‍ കണ്‍ട്രക്ഷന്‍ കോപ്പറേറ്റീവ് സൊസൈറ്റി 191.53 കോടി രൂപയ്ക്കാണ് മലയോര ഹൈവേ നിര്‍മ്മാണത്തിനായി കരാര്‍ ഏറ്റെടുത്തത്.

12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. 7 മീറ്റര്‍ വീതിയില്‍ റോഡ് ബി എം – ബി സി  ടാര്‍ ചെയ്തു. 110 കലുങ്കുകളും 40 കിലോമീറ്റര്‍ നീളത്തില്‍ ഓവുചാലും, 20 കി മീ നീളത്തില്‍ ഷോള്‍ഡര്‍ കോണ്‍ക്രീറ്റും നിര്‍മ്മിച്ചു. കൂടാതെ റോഡ് സുരക്ഷാ ബോര്‍ഡുകളും ഹാന്‍ഡ് റെയിലുകളും സ്ഥാപിച്ചിട്ടുണ്ട്. മലയോര മേഖലയുടെ മുഖച്ഛായ മാറാന്‍ ഉതകുന്നതാണ് ഈ പദ്ധതി. പൊതു ഗതാഗതത്തോടൊപ്പം ടൂറിസം മേഖലയ്ക്കും മലഞ്ചരക്ക്- സുഗന്ധദ്രവ്യ വ്യാപരത്തിനും ഇത് ഏറെ ഗുണം ചെയ്യും.

ജില്ലയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലൂടെയാണ് ഹൈവേ കടന്നു പോകുന്നത്. ചെറുപുഴ, ആലക്കോട്, നടുവില്‍, എരുവേശി, പയ്യാവൂര്‍, ഉളിക്കല്‍, പായം പഞ്ചായത്തുകളിലൂടെ കടന്നു പോവുന്ന റോഡിന്റെ വീതി നിലവില്‍ 6-8 മീറ്റര്‍ ഉണ്ടായിരുന്നിടത്ത് 12 ആയി വീതി കൂട്ടാന്‍ പ്രദേശവാസികള്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കുകയായിരുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍  അധ്യക്ഷനായി.  സി കൃഷ്ണന്‍ എംഎല്‍എ  ശിലാഫലകം അനാച്ഛാദനം ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ സന്ദേശം വേദിയില്‍ വായിച്ചു. പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എം ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ്, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.