കാസര്‍ഗോഡ്: കയ്യൂർ ഇകെ നായനാർ സ്മാരക ഗവ. ഐടിഐ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ നിർവഹിച്ചു. ഐടിഐ വിദ്യാർഥിനികൾക്കും വനിതാ ജീവനക്കാർക്കുമായി നിർമ്മിച്ച വനിതാ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
തൊഴിൽമേഖലയിലും വിപണിയിലും ഉണ്ടായ മാറ്റങ്ങൾക്കനുസൃതമായി പരിശീലനത്തിനൊപ്പം നൈപുണ്യ വികസനവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് കൂടുതൽ സാധ്യതകൾ ഒരുക്കാൻ ഐടിഐകളും വ്യവസായ സംരംഭങ്ങളും തമ്മിലെ ബന്ധം വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. സംസ്ഥാനത്തെ ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ആദ്യഘട്ടത്തിൽ കിഫ്ബിയിൽ പത്ത് ഐടിഐകളും തനത് ഫണ്ടിൽ രണ്ട് ഐടിഐകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
വിവിധ ഘട്ടങ്ങളിലായി എല്ലാ ഐടിഐകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. കയ്യൂർ ഐടിഐയുടെ 20 ഏക്കർ സ്ഥലത്ത് ആധുനിക വർക്ക് ഷോപ്പുകൾ, ഹോസ്റ്റൽ സൗകര്യം തുടങ്ങിയവ നിർമ്മിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കയ്യൂർ ഐടിഐയിൽ സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാൻ മികച്ച സാധ്യതയുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ കെഎസ്ഇബിയുടെ അനർട്ടിന്റെയും സഹായത്തോടെ ആവിഷ്‌കരിച്ചു നടപ്പാക്കാനായി പ്രിൻസിപ്പലിനെയും രക്ഷാകർതൃ സമിതിയെയും മന്ത്രി ചുമതലപ്പെടുത്തി.
കയ്യൂർ ഐടിഐയിൽ 6.5 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കാണ് ഭരണാനുമതി ലഭിച്ചത്. ഒന്നാംഘട്ട നിർമ്മാണത്തിന് 4.23 കോടി രൂപയാണ് കിഫ്ബി ലഭ്യമാക്കിയത്. 1997 നാല് ട്രേഡുകളോടെ ആരംഭിച്ച ഇവിടെ ഇന്ന് 13 ട്രേഡുകളിലായി അഞ്ഞൂറിലധികം വിദ്യാർഥികൾ പരിശീലനം നേടുന്നു. 2007ൽ കേരളത്തിലെ ഒരേയൊരു മോഡൽ ഐടിഐ എന്ന നിലയിലും ഉയർത്തപ്പെട്ടിരുന്നു.