വയനാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്ക് ഇതുവരെ ലഭിച്ചത് 2308 പരാതികള്‍. ഇതില്‍ 61 പരാതികള്‍ ജില്ലാതലത്തില്‍ തീര്‍പ്പാക്കി. ബാക്കിയുളള പരാതികളില്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി.
ഈ മാസം 15, 16 തീയതികളിലാണ് മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തുന്നത്. വിവിധ കാരണങ്ങളാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് അദാലത്ത് ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ്, 2018 ലെ പ്രളയം, പട്ടയം, ലൈഫ് ഭവന പദ്ധതികള്‍ എന്നിവ ഒഴികെയുളള പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാം.
മാനന്തവാടി, പനമരം ബ്ലോക്കുകളുടെ അദാലത്ത് 15 ന് പനമരം സെന്റ് ജൂഡ് ചര്‍ച്ച് പാരിഷ് ഹാളിലും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളുടേത് 16 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂള്‍ ജൂബിലി ഹാളിലുമാണ്് നടക്കുക. റവന്യു, സിവില്‍ സപ്ലൈസ്, തദ്ദേശ ഭരണം, സാമൂഹിക നീതി, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയാണ് പരാതികള്‍ പരിശോധിക്കുന്നത്. മുഴുവന്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും സമയബന്ധിതമായി മറുപടി നല്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ടവ സര്‍ക്കാരിലേക്ക് അയക്കും. നേരത്തെ നല്‍കിയ പരാതികളില്‍ തീര്‍പ്പാകാത്തവയും പുതിയ പരാതികളും അദാലത്തില്‍ സ്വീകരിക്കും.
ദുരിതാശ്വാസത്തിന് അപേക്ഷിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,വരുമാന സര്‍ട്ടിഫിക്കേറ്റ്,റേഷന്‍ കാര്‍ഡ്,ചികിത്സ സംബന്ധമായ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ പരാതിക്കാരന്റെ മേല്‍വിലാസവും ഫോണ്‍ നമ്പറും കൃത്യമായി പരാതിയില്‍ രേഖപ്പെടുത്തിയിരിക്കണം. പരാതിയുമായി ബന്ധപ്പെട്ട് പിന്നീടുള്ള ആശയവിനിമയങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാകും അദാലത്തുകള്‍ നടത്തുക.