തൃശ്ശൂർ: പഠനം ഒമ്പതാം ക്ലാസിൽ, ഗവേഷണം യുഎസിലെ എം ഐ ടി യിൽ.. കളി ക്യാൻസറിനോട്.. ക്യാൻസർ നിർണയത്തിന് മെഷീൻ ലേർണിംഗ് പ്രയോജനപ്പെടുത്താൻ ഗവേഷണം നടത്തുന്ന 10 പേരിലെ ഏക ഇന്ത്യക്കാരനായ പതിനഞ്ചുകാരന്റെ വിശേഷങ്ങൾ ഇങ്ങനെയാണ്. തൃശൂർ സെന്റ് തോമസ് കോളേജിൽ വൈഗ 2021ന്റെ ഭാഗമായി നടക്കുന്ന അഗ്രി ഹാക്കിൽ ശ്രേദ്ധേയനാവുകയാണ് വയനാട് മേപ്പാടി സ്വദേശി ജയ്ഡൻ ജോൺ.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമെത്തി ഹാക്കത്തോണിൽ നൽകിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും നിർദ്ദേശങ്ങൾ നൽകുവാനും മൂല്യനിർണയം നടത്തുവാനും നിയോഗിക്കപ്പെട്ട ജഡ്ജിങ് പാനലിലാണ് ഈ കുട്ടി താരമാകുന്നത്.

എട്ടാം ക്ലാസ്സിൽ നിർത്തിയതാണ് ജെയ്‌ഡന്റെ സ്കൂളിൽ പോക്ക്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ ഒമ്പതാം ക്ലാസിൽ ചേർന്ന ശേഷം വീട്ടിൽ ഇരുന്നാണ് പഠനം. ഓൺലൈൻ കോഴ്സുകൾ തിരഞ്ഞെത്തിയത് വാഷിംഗ്‌ടൺ സർവകലാശാല വെബ്സൈറ്റിൽ. സൈബർ സെക്യൂരിറ്റി കോഴ്സിന് ചേർന്ന് 100 ശതമാനം മാർക്ക് നേടി.ഇപ്പോൾ യു എസ് മസാച്ചുസൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 79 ലക്ഷം രൂപ സ്കോളർഷിപ്പോടെ ഓൺലൈൻ ഗവേഷണം നടത്തുന്നു. ഡി എൻ എ അനാലിസിസ് ചെയ്ത് ക്യാൻസർ നേരത്തെ കണ്ടെത്തുകയാണ് ഗവേഷണ വിഷയം. അമേരിക്കൻ ക്യാൻസർ സൊസൈറ്റി ലഭ്യമാക്കുന്ന ഡാറ്റ ഉപയോഗിച്ചാണ് ഗവേഷണം നടത്തുകയാണ് ഈ കുട്ടി. ഇതിനായി വികസിപ്പിച്ച ഉപകരണം ഉപയോഗിച്ച് വ്യക്തികളുടെ ചിത്രങ്ങൾ വിശകലനം ചെയ്ത് രോഗനിർണയം നടത്താം. വിദൂര ഗ്രാമങ്ങളിലുള്ളവർക്ക് വരെ കൂടുതൽ മെച്ചപ്പെട്ട രോഗനിർണയ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.

ബിസിനസുകാരനായ ജോണിന്റെയും ഡോ ബിനു മാത്യുവിന്റെയും മകനാണ് ഈ മിടുക്കൻ. തിരൂരങ്ങാടി സർക്കാർ പോളിടെക്നിക് നടന്ന ഹാക്കത്തോണിലാണ് ജെയ്‌ഡൻ ആദ്യമായി ശ്രദ്ധേയനാകുന്നത്. നഴ്സറി സ്കൂൾ കഴിഞ്ഞപ്പോൾ ജയ്ഡൻ കമ്പ്യൂട്ടറുമായി കൂട്ടുകൂടി. അപ്പൂപ്പൻ എം ഐ മത്തായിയുടെ ലാപ്ടോപ്പിൽ ആയിരുന്നു കമ്പ്യൂട്ടർ ഭാഷയുടെ ആദ്യാക്ഷരം പഠിച്ചത്. അഞ്ചുവയസ്സിൽ വേർഡും എക്സലും പച്ചവെള്ളംപോലെ മനപ്പാഠമാക്കി. മൂന്നാം ക്ലാസിൽ ആയപ്പോഴേക്കും വെബ് ഡിസൈനിങ്ങും, ഫോട്ടോഷോപ്പും പ്രോഗ്രാമിംഗ് ലാംഗ്വേജും മനസ്സിലാക്കി. ഓരോ കാര്യങ്ങളായി തനിയെ പഠിക്കാൻ തുടങ്ങി പിന്നീട്. പെയിന്റ് നോട്ട്പാഡ് ഒക്കെ പരീക്ഷിച്ചു. എട്ടാം ക്ലാസ് എത്തിയപ്പോഴേക്കും കമ്പ്യൂട്ടർ വേണോ സ്കൂൾ വേണോ എന്ന സംശയം ഒടുവിൽ ജയ്ഡൻ തീരുമാനിച്ചു. സ്കൂൾ വേണ്ട കമ്പ്യൂട്ടർ മതി എന്ന്. സംസ്ഥാന സർക്കാരിന്റെ സൈബർഡോം പദ്ധതിയുടെ വളണ്ടിയറായാണ് ഇന്ന് ജെയ്‌ഡൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ താൽപ്പര്യമുള്ളവർക്ക് സൗജന്യമായി പഠനസൗകര്യമൊരുക്കുന്ന ‘സ്കൂൾ ഓഫ് എ ഐയുടെ മുഖ്യചുമതലക്കാരൻ. ഗൂഗിൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പണം മുടക്കുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചാപ്റ്ററുകൾ.ഹെൽമറ്റില്ലാതെ ഇരുചക്രവാഹന യാത്രക്കാരെ ക്യാമറ സഹായത്തോടെ വലയിലാക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ജെയ്‌ഡൻ. പദ്ധതി വൈകാതെ നടപ്പിലാക്കും. വണ്ടിയുടെ ചിത്രവും നമ്പറും അപ്പോൾതന്നെ പോലീസിന് കിട്ടുന്ന സംവിധാനമാണിത്.